രാജ്യത്ത് സാമ്പത്തിക തളര്‍ച്ചയുണ്ട്, മാന്ദ്യമില്ലെന്ന് നിര്‍മ്മല സീതാരാമന്‍

സാമ്പത്തികവളര്‍ച്ചാനിരക്കുകളെ കുറിച്ചുള്ള രാജ്യസഭ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍.

Update: 2019-11-28 01:06 GMT

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക തളര്‍ച്ച അനുഭവപ്പെടുന്നുണ്ടെന്ന് സമ്മതിച്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പക്ഷേ, രാജ്യം സാമ്പത്തികമാന്ദ്യത്തിലാണെന്ന കാര്യം നിഷേധിച്ചു. സാമ്പത്തികവളര്‍ച്ചാ നിരക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ അതില്‍ ചില കുറവുകള്‍ കാണാനാവും. പക്ഷേ, അത് മാന്ദ്യമല്ല, ആവുകയുമില്ലെന്നും ധനമന്ത്രി ഉറപ്പിച്ചുപറഞ്ഞു. സാമ്പത്തികവളര്‍ച്ചാനിരക്കുകളെ കുറിച്ചുള്ള രാജ്യസഭ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍.

ജൂലൈ സെപ്തംബര്‍ മാസത്തെ ആഭ്യന്തര ഉല്പാദനത്തിന്റെ കണക്കുകള്‍ പുറത്തുവരാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ അവകാശവാദം. സാമ്പത്തികരംഗം തളര്‍ച്ചയിലേക്ക് പോകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

ബാങ്കിങ് മേഖലയില്‍ ചില പ്രശ്‌നങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നിരീക്ഷിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അത് പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. 2019ലെയും 2009-14ലെയും നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ കണക്കുകളുടെ താരതമ്യവും ധനമന്ത്രി അവതരിപ്പിച്ചു. യുപിഎ ഭരണകാലമായ 2009-14 ല്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ മൊത്തം 18950 കോടി ഡോളറായിരുന്നെങ്കില്‍ 2019 ല്‍ 28390 കോടി ഡോളറായി വര്‍ധിച്ചു.

അതേസമയം ഇതുവരെ പുറത്തുവന്ന സാമ്പത്തികസൂചകങ്ങളനുസരിച്ച് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് വളരെ താഴ്ന്ന നിലയിലാണ്. പ്രതിസന്ധി വര്‍ധിപ്പിച്ചുകൊണ്ട് തൊഴിലില്ലായ്മയുടെ തോതും വര്‍ധിക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ ആഭ്യന്തര ഉല്പാദന വളര്‍ച്ച ആറു വര്‍ഷത്തിനിടയില്‍ ഏറ്റവും താഴ്ന്ന നിലവാരത്തിലായിരുന്നു.

സാമ്പത്തികരംഗത്തെ തളര്‍ച്ച പരിഹരിക്കാന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വിദേശനിക്ഷേപങ്ങളിലുള്ള ഉയര്‍ന്ന നികുതി നിരക്ക് ഇക്കഴിഞ്ഞ ബജറ്റിലാണ് പ്രഖ്യാപിച്ചിരുന്നത്. കോര്‍പറേറ്റ് ടാക്‌സും കുറച്ചിരുന്നു. അതൊന്നും ഫലം കണ്ടില്ലെന്നു വേണം അനുമാനിക്കാന്‍.

വായ്പാ-നിക്ഷേപ അനുപാതം നിയന്ത്രിച്ച് പ്രതിസന്ധി പരിഹരിക്കുന്നതിനായി ആര്‍ബിഐ റിപോ നിരക്കുകളില്‍ കുറവ് വരുത്തിയതും പ്രയോജനപ്പെട്ടില്ല. 

Tags:    

Similar News