തിരുവനന്തപുരം: സംസ്ഥാന ഭൂജല വകുപ്പും കേന്ദ്ര ഭൂജല ബോര്‍ഡും സംയുക്തമായി പഠനങ്ങള്‍ നടത്തി പ്രസിദ്ധീകരിക്കുന്ന ഭൂജല വിഭവ നിര്‍ണയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂജല ഉപയോഗ തോത് 90 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങള്‍ വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കില്‍ എലപ്പുള്ളി, പൊല്‍പ്പള്ളി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, വടകരപ്പതി, ചിറ്റൂര്‍ – തത്തമംഗലം മുനിസിപ്പാലിറ്റി എന്നിവിടങ്ങള്‍ അമിത ചൂഷിത വിഭാഗത്തിലും മലമ്പുഴ ബ്ലോക്കില്‍ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, പുതുശേരി, കൊടുമ്പ് എന്നിവിടങ്ങള്‍ ഗുരുതര വിഭാഗത്തിലും കാസര്‍കോഡ് ജില്ലയില്‍ കാസര്‍കോഡ് ബ്ലോക്കിലെ ബദിയഡുക്ക, ചെമ്മനാട്, ചെങ്കള, കുമ്പള, മധുര്‍, മൊഗ്രാല്‍പുത്തൂര്‍, കാസര്‍കോഡ് മുനിസിപ്പാലിറ്റി എന്നിവിടങ്ങള്‍ ഗുരുതര വിഭാഗത്തിലും ഉള്‍പ്പെടുത്തിയാണു വിജ്ഞാപനം ചെയ്തത്.
വിജ്ഞാപനംചെയ്ത പ്രദേശങ്ങളില്‍ കിണര്‍ നിര്‍മാണം അടക്കമുള്ള ഭൂജല വികസനത്തിന് സംസ്ഥാന ഭൂജല അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബൂജല വകുപ്പിന്റെ കാസര്‍കോഡ്, പാലക്കാട് ജില്ലാ ഓഫിസുകളുമായി ബന്ധപ്പെടണം.