തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2020-12-16 14:44 GMT

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മികച്ച വിജയമാണ് നേടിയതെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഒരു കോര്‍പറേഷന്‍ ഡിവിഷന്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍, 14 മുനിസിപ്പല്‍ വാര്‍ഡുകള്‍, 49 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ അടക്കം 65 സീറ്റുകളിലാണ് പാര്‍ട്ടി വിജയം നേടിയത്. വെല്‍ഫെയര്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ജനപക്ഷ രാഷ്ട്രീയ നിലപാടുകളുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അപകടകമായ സമൂഹ്യ ധ്രുവീകരണം നടത്തുംവിധം സിപിഐ(എം) നേതാക്കള്‍ നടത്തിയ കടുത്ത വര്‍ഗീയ പ്രചരണങ്ങളെ മറികടന്നാണ് ഈ വിജയം പാര്‍ട്ടി സ്വന്തമാക്കിയത്.


വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കിന്റെ ഫലമായി നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ നിലവിലുള്ള ഇടതു ഭരണത്തില്‍ നിന്ന് പിടിച്ചെടുക്കാന്‍ യു.ഡി.എഫിനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ സവര്‍ണ സംവരണത്തെ യു.ഡി.എഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പിന്തുണച്ചത് ലഭിക്കാവുന്ന പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് അവര്‍ക്ക് നഷ്ടമാക്കാനുമിടയാക്കി. ഇടതുപക്ഷം സൃഷ്ടിച്ച ഇസ്‌ലാമോഫോബിയയും വര്‍ഗീയ ധ്രുവീകരണാന്തരീക്ഷവും മുതലെടുത്താണ് ബി.ജെ.പിക്ക് ചിലയിടങ്ങളില്‍ നേട്ടമുണ്ടാക്കാനായത്. കേരളത്തിന്റെ മതേതര സ്വഭാവത്തിന് ഇത് പരിക്കേല്‍പ്പിക്കും. താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനായി ഇടതുപക്ഷം തുടരുന്ന വര്‍ഗീയ ധ്രുവീകരണ നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ അധികം വൈകാതെ അവര്‍ക്ക് തന്നെ അത് തിരിച്ചടിയായി മാറുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.




Tags: