വിദ്യാര്‍ഥികളുടെ പുസ്തകവായന പ്രോല്‍സാഹിപ്പിക്കാന്‍ ഗ്രേസ് മാര്‍ക്ക് സംവിധാനം; അടുത്ത അധ്യയനവര്‍ഷം മുതല്‍ പദ്ധതി
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ വായനാശീലം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. അടുത്ത അധ്യയനവര്‍ഷം മുതല്‍ പരമാവധി പത്തു മാര്‍ക്ക് നല്‍കുന്നതിന് ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സിഎം-മെഗാക്വിസ് ആദ്യഘട്ട സമ്മാനദാന ചടങ്ങിലാണ ഇക്കാര്യം സംസാരിച്ചത്. പുസ്തകങ്ങളും പത്രങ്ങളും ഉള്‍പ്പെടെയുള്ള വായനാസാമഗ്രികള്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിന് പ്രോല്‍സാഹനം നല്‍കുകയെന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. 'വായനയുടെ വസന്തം' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഏകദേശം 14,000 സ്‌കൂളുകളിലെ ലൈബ്രറികള്‍ക്ക് 12 കോടി രൂപയുടെ പുസ്തകങ്ങള്‍ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു.
എന്നാല്‍ വിവിധ കാരണങ്ങളാല്‍ വിദ്യാര്‍ഥികള്‍ ലൈബ്രറി പുസ്തകങ്ങള്‍ ഉപയോഗിക്കുന്നതില്‍ കുറവുണ്ടെന്ന വിലയിരുത്തലുണ്ട്. വായനയ്ക്ക് ആവശ്യമായ പ്രോല്‍സാഹനം ലഭിക്കുന്നില്ലെന്ന നിരീക്ഷണവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വായനാശീലം വിലയിരുത്തി ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്ന പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പ് രൂപരേഖ തയ്യാറാക്കുന്നത്.
പദ്ധതിയുടെ രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെയും യോഗം ചേര്‍ന്നിരുന്നു. പ്രോജക്ട് അടിസ്ഥാനത്തില്‍ വായനാശീലം പരിഗണിച്ച് 10 ഗ്രേസ് മാര്‍ക്ക് അനുവദിക്കാമെന്ന പ്രാഥമിക ശുപാര്‍ശയാണ് സമര്‍പ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അംഗീകാരം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പദ്ധതി അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
