'പോറ്റിയേ കേറ്റിയേ' പാരഡി ഗാനത്തില്‍ സര്‍ക്കാരിന്റെ യുടേണ്‍; പുതിയ കേസുകള്‍ വേണ്ട, നീക്കം ചെയ്യാനും നിര്‍ദേശം ഇല്ല

Update: 2025-12-19 06:05 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈറലായ 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തെച്ചൊല്ലിയുണ്ടായ വിവാദത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റി. ഗാനത്തിനെതിരേ ഇനി പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ മെല്ലെപ്പോക്കെന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എഡിജിപി ജില്ലാ പോലിസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്നു ഗാനം നീക്കം ചെയ്യണമെന്ന നിര്‍ദേശം നല്‍കില്ലെന്നും, മെറ്റയിലേക്കോ ഗൂഗിളിലേക്കോ കത്ത് അയയ്ക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഗാനം നീക്കണമെന്ന പോലിസ് നിര്‍ദേശത്തിനെതിരേ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മെറ്റയ്ക്ക് കത്ത് നല്‍കിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന നടപടിയെന്ന നിലപാടിലാണ് കത്ത്. അതേസമയം, ഗാനം നീക്കാനുള്ള ഏതൊരു നീക്കത്തിനുമെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഗാനത്തിന്റെ അണിയറക്കാര്‍ പ്രതികരിച്ചു. വിവാദം രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

Tags: