വഖ്ഫ് ഭൂമി പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം നിയമവിരുദ്ധം: മൈനോറിറ്റി റൈറ്റ്‌സ് വാച്ച്

Update: 2023-02-13 15:00 GMT

കൊച്ചി: തൃശൂര്‍ ജില്ലയിലെ തലപ്പള്ളി താലൂക്കില്‍ ചെറുതുരുത്തി നൂറുല്‍ഹുദാ യത്തീംഖാനയ്ക്ക് അവകാശപ്പെട്ട അഞ്ചേക്കര്‍ വഖ്ഫ് ഭൂമി കേരള കലാമണ്ഡലത്തിന് നല്‍കാനുള്ള നിയമവിരുദ്ധ തീരുമാനം റദ്ദാക്കണമെന്ന് മൈനോറിറ്റി റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു. ഈമാസം ഒന്നിന് വഖ്ഫ് മന്ത്രി വി അബ്ദുറഹിമാന്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, സജി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വകുപ്പ് സെക്രട്ടറിമാരായ മിനി ആന്റണി, എ പി എം മുഹമ്മദ് ഹനീഷ് എന്നിവരുള്‍പ്പെടുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വഖ്ഫ് ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചത്.

വഖ്ഫ് ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ചട്ടങ്ങള്‍ ലംഘിച്ചാണ് ഈ നടപടി. ബന്ധപ്പെട്ട വഖ്ഫ് സ്ഥാപനമോ വഖ്ഫ് ബോര്‍ഡോ അറിയാതെ നിലവിലുള്ള കേന്ദ്ര വഖ്ഫ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി എടുത്ത തീരുമാനം ന്യൂനപക്ഷ വിദ്യാഭ്യാസ സേവന സ്ഥാപനങ്ങള്‍ക്കും അവയുടെ സ്വത്തുവകക്കും നേരെയുള്ള പരസ്യമായ കടന്നുകയറ്റമാണ്.

1978 മെയ് 12ന് മുസ്‌ലിംകളുടെ മതപരവും ധാര്‍മികവുമായ ആവശ്യങ്ങള്‍ക്കു വേണ്ടി അന്നത്തെ യത്തീംഖാന കമ്മിറ്റി പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോയാമു ഹാജി വഖ്ഫ് ആയി എഴുതിക്കൊടുത്തതാണ് ഈ ഭൂമി. വള്ളത്തോള്‍ നഗറിലെ കലാമണ്ഡലത്തോട് ചേര്‍ന്നുകിടക്കുന്ന യത്തീംഖാനയുടെ ഉടമസ്ഥതയിലുള്ള ഈ ഭൂമിയാണ് സര്‍ക്കാര്‍ ഇപ്പോ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്.

അന്യായവും ന്യൂനപക്ഷ വിരുദ്ധവുമായ ഈ തീരുമാനം എത്രയും വേഗം റദ്ദാക്കി അനാഥാലയത്തിനും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിനുമെതിരായ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് മൈനോറിറ്റി റൈറ്റ്‌സ് വാച്ച്, സെന്‍ട്രല്‍ സോണ്‍ ചാപ്റ്റര്‍ യോഗം ആവശ്യപ്പെട്ടു. ജനറല്‍ കണ്‍വീനര്‍ പി എം മാഹിന്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഷാജഹാന്‍ കാക്കനാട്, ഹാരിസ് കോയ, പി എ കുഞ്ഞു തൃശൂര്‍, എം വി ശക്കീല്‍, അബ്ബാസ് പാടൂര്‍, നിസാര്‍ അഴിക്കോട്, അയ്യൂബ് കരീം, സിയാദ്, നദീം ബിന്‍ കരിം എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News