പെരുന്നാള്‍: ഇറച്ചിക്കോഴി വില നിയന്ത്രിക്കും; പൗള്‍ട്രി കോര്‍പറേഷന്റെ ഔട്‌ലെറ്റുകളില്‍ നിന്നും മിതമായ നിരക്കില്‍ കോഴി ലഭ്യമാക്കുമെന്നും മന്ത്രി

Update: 2021-07-18 07:29 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന ഇറച്ചിക്കോഴി വില നിയന്ത്രിക്കുന്നതിനായി ഇടപെടുമെന്ന് ക്ഷീര വികസന, മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. പെരുന്നാള്‍ അടുക്കുന്നതിനിടെ ഇറച്ചിക്കോഴിയ്ക്ക് വില വര്‍ധിക്കുന്നത് ഹോട്ടലുകള്‍ക്കുള്‍പ്പെടെ പ്രതിസന്ധിയാകുന്ന പശ്ചാത്തലത്തിലാണ് വിഷയത്തില്‍ ഇടപെടുന്നത്. പൗള്‍ട്രി വികസന കോര്‍പറേഷന്റെ ഔട്‌ലെറ്റുകളില്‍ നിന്നും മിതമായ നിരക്കില്‍ ഇറച്ചിക്കോഴി ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു.

കോഴിത്തീറ്റയുടെ വില കൂടുന്നതാണ് ഇറച്ചിക്കോഴി വില ഉയരുന്നതിന്റെ പ്രധാന കാരണം. ഇത് നിയന്ത്രിക്കുന്നതിനായി കേരള ഫീഡ്‌സ് കോഴിത്തീറ്റ വില ഇതിനകം കുറച്ചിട്ടുണ്ട്. ഇത് കര്‍ഷകരിലേക്ക് എത്തിക്കും. ഇറച്ചിക്കോഴി കൃഷി വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരി മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഇറച്ചിക്കോഴി വില കൂടി ഉയര്‍ത്തുന്നതില്‍ ഓള്‍ കേരള കാറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്ന് ഹോട്ടല്‍ ഉടമകളും ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് 3 ലക്ഷത്തിലധം കോഴികളായിരുന്നു തീറ്റ കിട്ടാതെ ചത്തൊടുങ്ങിയത്. ഫാമുകളില്‍ നിന്നും കിലോയ്ക്ക് 10 രൂപയ്ക്കുള്‍പ്പെടെ ഇറച്ചിക്കോഴികള്‍ വിറ്റുപോയിരുന്നു.

Tags: