കശ്മീരില്‍ രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കാന്‍ ശ്രമം; ഫാറൂഖ് അബ്ദുല്ലയെ ഉടന്‍ മോചിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി

ഫാറൂഖ് അബ്ദുല്ല ഉള്‍പപെടെയുള്ള ദേശീയവാദികളായ നേതാക്കളെ താഴ്‌വരയില്‍നിന്ന് മാറ്റിനിര്‍ത്തി രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

Update: 2019-09-17 18:48 GMT

ന്യൂഡല്‍ഹി: പൊതുസുരക്ഷാ നിയമ പ്രകാരം തടവിലാക്കിയ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ ഉടന്‍ മോചിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫാറൂഖ് അബ്ദുല്ല ഉള്‍പപെടെയുള്ള ദേശീയവാദികളായ നേതാക്കളെ താഴ്‌വരയില്‍നിന്ന് മാറ്റിനിര്‍ത്തി രാഷ്ട്രീയ ശൂന്യത സൃഷ്ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

നേതാക്കളുടെ അഭാവത്തില്‍ 'ഭീകരവാദികള്‍' പിടിമുറുക്കും. അതോടെ രാജ്യത്തെ മുഴുവനും വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള രാഷ്ട്രീയ ആയുധമായി കശ്മീരിനെ ഉപയോഗിക്കാന്‍ ചിലര്‍ക്ക് സാധിക്കുമെന്നും രാഹുല്‍ ആരോപിച്ചു. കശ്മീരില്‍ 'ഭീകരര്‍ക്ക്' ഇടം നല്‍കുന്ന തരത്തിലുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും തടവിലാക്കിയ മുഴുവന്‍ മുഖ്യധാരാ നേതാക്കളെയും മോചിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ ഒന്നടങ്കം വീട്ടുതടങ്കലിലാക്കിയിരുന്നു.


Tags:    

Similar News