കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍; ആരോഗ്യമന്ത്രി ചീഫ് സയന്റിസ്റ്റുമായി കൂടിക്കാഴ്ച നടത്തി

Update: 2021-08-12 14:24 GMT

ന്യൂഡല്‍ഹി: കൊവാക്‌സിന് അനുമതി നല്‍കണമെന്നഭ്യര്‍ത്ഥിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡവ്യ ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ, സൗമ്യ സ്വാമിനാഥനുമായി കൂടിക്കാഴ്ച നടത്തി.

ഹൈദരാബാദിലെ ഭാരത് ബയോട്ടെക്കിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മറ്റ് രാജ്യങ്ങള്‍ അനുമതി നല്‍കാത്തത് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാരുടെ അന്തര്‍ദേശീയ യാത്രക്ക് തടസ്സമായിരിക്കുകയാണ്.

ഹംഗേറിയന്‍ അധികാരികള്‍ ഭാരത് ബയോടെക്കിന് ഗുഡ് മാനുഫാക്ചറിങ് പ്രാക്റ്റീസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് കമ്പനിക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. ഹംഗറിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസി ആന്റ് ന്യൂട്രീഷ്യനാണ് കൊവാക്‌സിന് ജിഎംപി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

വിദേശരാജ്യത്തുനിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റ് കൊവാക്‌സിന്റെ അന്താരാഷ്ട്ര വില്‍പ്പനക്ക് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടില്‍.

കൊവാക്‌സിനും കൊവിഷീല്‍ഡും കലര്‍ത്തി ഉപയോഗിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് കഴിഞ്ഞ ആഴ്ചയില്‍ ഐസിഎംആര്‍ കണ്ടെത്തിയിരുന്നു. അബദ്ധത്തില്‍ രണ്ടും കലര്‍ത്തി കുത്തിവയ്‌പെടുത്ത 18 പേരില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് ഈ വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്. 

ജനുവരി 16ാം തിയ്യതിയാണ് രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ പദ്ധതി ആരംഭിച്ചത്. 

Tags:    

Similar News