കൊവിഡ് പ്രതിരോധം: വാക്‌സിനും ചികില്‍സാ സംവിധാനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് റോയ് അറയ്ക്കല്‍

സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സൗജന്യ ചികില്‍സ ഉറപ്പാക്കണമെന്നും എസ്ഡിപിഐ

Update: 2021-04-21 10:57 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മഹാമാരി വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ വാക്‌സിനും ചികില്‍സാ സംവിധാനങ്ങളും സജ്ജമാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. കൊവിഡ് വാക്‌സിന്‍ വിതരണ രംഗത്ത് ഏകോപനമില്ലായ്മയും മരുന്നിന്റെ ദൗര്‍ലഭ്യവും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിരോധവും ബോധവത്കരണവും കോവിഡ് ടെസ്റ്റും വാക്‌സിനേഷനും ഒരുപോലെ മുന്നോട്ടുപോയാല്‍ മാത്രമേ മഹാമാരിയില്‍ നിന്നു ജനങ്ങളെ രക്ഷിക്കാനാവുകയുള്ളൂ.

മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്കും വാക്‌സിനേഷന്‍ നടത്തുമെന്നാണ് ഔദ്യോഗിക  കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. അതിനായി മാത്രം 2.80 കോടി വാക്‌സിന്‍ അധികമായി വേണ്ടിവരും. ഇപ്പോള്‍ തന്നെ വാക്‌സിന്‍ വിതരണം പ്രതിസന്ധിയിലായിരിക്കേ ഈ ലക്ഷ്യം എങ്ങിനെ കൈവരിക്കാകുമെന്നത് ആശങ്കയുണ്ടാക്കുന്നു. ഇതിനിടെ 44.78 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് പാഴായക്കിയതായി വിവരാവകാശ രേഖയിലെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. മഹാമാരി സംബന്ധിച്ച് ജാഗ്രതയുണ്ടാവുന്നതോടൊപ്പം അനാവശ്യ ഭീതി സൃഷ്ടിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ രോഗത്തിന് നേരിയ ശമനമുണ്ടായ സമയത്ത് ചികില്‍സാ സംവിധാനങ്ങള്‍ പലതും പിന്‍വലിച്ചതായാണ് വ്യക്തമാകുന്നത്. സാധാരണക്കാരെ സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ തന്നെ സൗജന്യ ചികില്‍സ ലഭ്യമാക്കാനുള്ള എല്ലാ സംവിധാനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും റോയ് അറയ്ക്കല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News