മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കാന്‍ ബിജെപി ഐടി സെല്ലിന്റെ ഉടമസ്ഥതയിലുള്ള കമ്പനി: നിയമിച്ചത് ഫഡ്‌നാവിസ് സര്‍ക്കാരെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2020-07-29 07:11 GMT

മുംബൈ: 2019ലെ മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട പരസ്യ ഏജന്‍സിയെ നിയമിച്ചത് സംസ്ഥാന സര്‍ക്കാരാണെന്ന് മഹാരാഷ്ട്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍. ബിജെപി ഐടി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏജന്‍സിയെ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് കമ്മീഷനാണ് ചുമതലപ്പെടുത്തിയതെന്ന ആരോപണത്തെ തുടര്‍ന്നാണ് വിശദീകരണവുമായി കമ്മീഷണര്‍ രംഗത്തുവന്നത്. മുന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന പിആര്‍ഡി വകുപ്പാണ് ഏജന്‍സിയെ നിയമിച്ചതെന്നും കമ്മീഷന്‍, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

''സാമൂഹിക മാധ്യമപരസ്യപ്രചാരണത്തിനുളള ഏജന്‍സിയെ സംസ്ഥാന സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് നിയമിച്ചത്''- തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ സംസ്ഥാന കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ബിജെപി ഐടി സെല്ലിന്റെ ഉടമസ്ഥതയിലുളള ഏജന്‍സിയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കുക വഴി കമ്മീഷന്‍ അതിന്റെ വിശ്വാസ്യത കളഞ്ഞുകുളിച്ചുവെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രിഥ്വിരാജ് ചൗഹന്‍ ആരോപിച്ചിരുന്നു. വിഷയത്തില്‍ ഉടന്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുന്‍ ഫഡ്‌നാവിസ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് നടപടിയില്‍ ഇടപെട്ടുവെന്നതിന് തെളിവാണ് റിപോര്‍ട്ടെന്ന് ആര്‍ടിഐ ആക്റ്റിവസ്റ്റ് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു. ''ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിന് നിയമിക്കപ്പെട്ട ഏജന്‍സി ബിജെപി ഐടി സെല്ലിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന കാര്യം കൃത്യമായി അറിയാം. എന്തുകൊണ്ടാണ് ഫഡ്‌നാവിസ് ഈ ഏജന്‍സിയെ നിയമിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാന്‍ ശ്രമിച്ചത്? എങ്ങനെയാണ് ഒരു സ്വതന്ത്ര സമിതിയായ കമ്മീഷന്‍ ഇത്തരമൊരു ഏജന്‍സിയെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തുന്നത്?''-ഗോഖലെയുടെ ട്വീറ്റ് തുടരുന്നു.

പരസ്യഏജന്‍സിയുടെ പ്രവര്‍ത്തന മേഖല പരസ്യം നിര്‍മ്മിക്കല്‍ മാത്രമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡാറ്റ ടാര്‍ജറ്റിങ്, സര്‍ക്കാരിനെതിരേയുള്ള മോശം പ്രതീതി മാറ്റിയെടുക്കല്‍ തുടങ്ങിയവയും ഏജന്‍സിയുടെ ചുമതലയാണ്. സര്‍ക്കാര്‍ ഒക്ടോബര്‍ 12, 2017ല്‍ പുറപ്പെടുവിച്ച നോട്ടിഫിക്കേഷനിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പ് അട്ടിമറിയാണ് ഇത്. പിആര്‍ഡി വകുപ്പിന്റെ ഉത്തരവുകളും ആരാണ് അത് പുറപ്പെടുവിച്ചതെന്ന കാര്യവും കണ്ടുപിടിക്കണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാനമായ വിവരങ്ങള്‍ ബിജെപി ഉപയോഗപ്പെടുത്തിയോ എന്ന കാര്യവും അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  

Tags:    

Similar News