എല്‍പിജി ഉത്പാദനം വര്‍ധിപ്പിക്കാന്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

Update: 2026-03-06 08:50 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പാചക വാതകത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി എല്‍പിജി ഉത്പാദനം വര്‍ധിപ്പിക്കാന്‍ പൊതുമേഖല എണ്ണ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പ്രൊപ്പെയ്ന്‍, ബൂട്ടെയ്ന്‍ എന്നിവയുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തി ഉത്പാദനം കൂട്ടുകയാണ് ലക്ഷ്യം.

എല്‍പിജി ഉത്പാദനത്തിനായി പ്രൊപ്പെയ്ന്‍, ബൂട്ടെയ്ന്‍ എന്നിവ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ രാജ്യത്തെ റിഫൈനറികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖല എണ്ണ വിപണന കമ്പനികള്‍ക്കാണ് നല്‍കിയിരിക്കുന്നത്. സംഘര്‍ഷ സാഹചര്യത്തില്‍ പാചക വാതക ലഭ്യത ഉറപ്പാക്കുന്നതിനായി വിവിധ രാജ്യങ്ങളുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരുകയാണ്. നിലവില്‍ രാജ്യത്ത് ഏകദേശം എട്ട് ആഴ്ചത്തേക്കുള്ള ഇന്ധന ശേഖരം ഉണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇതോടൊപ്പം ആഗോള ഊര്‍ജ സംഘടനകളായ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി(ഐഇഎ), ഓര്‍ഗനൈസേഷന്‍ ഓഫ് ദി പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രീസ് (ഒപിഇസി) എന്നിവയുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തിവരികയാണ്. ഇന്ധന വിതരണം വൈവിധ്യവല്‍ക്കരിക്കുന്നതിനായി യുഎഇ, അമേരിക്ക എന്നിവയുമായി ഇന്ത്യ കരാറിലെത്തിയിട്ടുണ്ട്.

ഇറക്കുമതി സുഗമമാക്കുന്നതിനായി കപ്പലുകള്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. അതേസമയം നിലവിലുള്ള കരാറുകള്‍ പ്രകാരം റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി തുടരാനാണ് പദ്ധതി. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയും ആഗോളതലത്തില്‍ വിതരണ ശൃംഖല വൈവിധ്യവല്‍ക്കരിക്കുകയും ചെയ്ത് രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ശേഖരവും ക്രമബദ്ധമായ വിതരണ സംവിധാനവും നിലവില്‍ രാജ്യത്തെ ഇന്ധന വിപണിക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

Tags: