ആശുപത്രികളില്‍ ഉപകരണ ക്ഷാമം; സര്‍ക്കാര്‍ അടിയന്തരമായി 100 കോടി അനുവദിച്ചു

Update: 2025-09-17 09:13 GMT

തിരുവനന്തപുരം: ആശുപത്രികളിലെ ഉപകരണ ക്ഷാമം തടയാന്‍ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇടപെടല്‍. വിതരണക്കാരുടെ കുടിശ്ശിക തീര്‍ക്കാനായി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി 100 കോടി രൂപ അനുവദിച്ചു. ഇതില്‍ 65 കോടി രൂപ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും 35 കോടി രൂപ സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കും. കൂടാതെ കെഎംഎസ്സിഎല്ലിനും കാരുണ്യ സുരക്ഷ പദ്ധതിക്കും ധനവകുപ്പ് ഇടക്കാല തുക അനുവദിച്ചു. 50 കോടി രൂപയാണ് കെഎംഎസ്സിഎല്ലിന് അനുവദിച്ചിരിക്കുന്നത്.

എന്നാല്‍, 2024 ഫെബ്രുവരി മുതല്‍ മാര്‍ച്ച് 25 വരെ ലഭിക്കാനിരിക്കുന്ന കുടിശ്ശിക തീര്‍ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. തുക അക്കൗണ്ടില്‍ എത്തുന്ന നേരത്ത് മാത്രമേ വിതരണം പുനരാരംഭിക്കൂ എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉപകരണ ക്ഷാമം ഗുരുതരമായ സാഹചര്യത്തില്‍ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളെജുകള്‍ ഉള്‍പ്പെടെ നിരവധി ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ മുടങ്ങുകയാണ്. കാര്‍ഡിയോളജി വിഭാഗത്തില്‍ പോലും പ്രതിസന്ധി കടുത്തതായാണ് വിവരം. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കിയിരുന്നു.

Tags: