ഗവര്‍ണര്‍ രാജ്ഭവനെ ആര്‍എസ്എസ് കാര്യാലയമാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹം: കെ കെ അബ്ദുൽ ജബ്ബാർ

Update: 2025-06-05 11:35 GMT
ഗവര്‍ണര്‍ രാജ്ഭവനെ ആര്‍എസ്എസ് കാര്യാലയമാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹം: കെ കെ അബ്ദുൽ ജബ്ബാർ

തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ രാജ്ഭവനെ ആര്‍ എസ് എസ് കാര്യാലയമാക്കാന്‍ നടത്തുന്ന ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്ഭവനില്‍ ഒരുക്കിയ പരിപാടിയില്‍ ആര്‍എസ്എസ്സുകാര്‍ ആചാരത്തിന്റെ ഭാഗമായി നടത്തുന്ന ഭാരതാംബയുടെ മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുന്ന ചടങ്ങ് ഗവര്‍ണര്‍ ബോധപൂര്‍വം തയ്യാറാക്കിയതാണ്.

ആര്‍എസ്എസ്സിൻ്റെ കൊടി പിടിച്ചു നിൽക്കുന്ന ഭാരതാംബയെ വണങ്ങുന്നതും പുഷ്പാർച്ചന നടത്തുന്നതും അവരുടെ ആചാരമാണ്. ശാഖകൾ മുതൽ എല്ലാ പരിപാടികളിലും അവർ ചെയ്യാറുമുണ്ട്. എന്നാൽ അതേ ആചാരം രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങാക്കി മാറ്റുന്നത് രാഷ്ട്രത്തെ തന്നെ അവഹേളിക്കുകയാണ്. രാജ്ഭവനില്‍ ഭരണഘടനാ പദവിയില്‍ തുടരാന്‍ ഗവര്‍ണര്‍ക്ക് അര്‍ഹതയില്ല. കഴിഞ്ഞ ദിവസം ആര്‍എസ്എസ് ആചാര്യന്‍ ഗുരുമൂര്‍ത്തിയെ പ്രഭാഷണത്തിന് വിളിച്ചതും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വംശീയതയും സംഘര്‍ഷങ്ങളും കലാപങ്ങളും അന്യമത വിദ്വേഷവും മുഖമുദ്രയാക്കിയ ആര്‍എസ്എസ് രാഷ്ട്ര പൈതൃകത്തിന് എതിരാണ്.

നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ പൈതൃകത്തെ പോലും നിരാകരിക്കുന്നവരാണ് ആര്‍എസ്എസ്സുകാര്‍. പൗരന്മാരെ മതാടിസ്ഥാനത്തില്‍ അടിമച്ചര്‍ത്താനും പൗരത്വം പോലും നിഷേധിക്കാനും നിയമനിര്‍മാണം നടത്തുന്ന ആര്‍എസ്എസ് പ്രത്യയശാസ്ത്രം രാജ്ഭവനിലൂടെ ഔദ്യോഗികവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന നിലപാട് തിരുത്താൻ ഗവര്‍ണർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News