ഗവര്‍ണറുടെ സമ്മര്‍ദത്തിന് വഴങ്ങി; ഉടന്‍ സെനറ്റ് യോഗം ചേരാമെന്ന് കേരള സര്‍വകലാശാല

Update: 2022-10-01 07:12 GMT

തിരുവനന്തപുരം: ഒടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സമ്മര്‍ദത്തിന് വഴങ്ങി കേരള സര്‍വകാലശാല. സെനറ്റ് യോഗം ചേരാമെന്ന് വിസി ഗവര്‍ണറെ അറിയിച്ചു. ഈ മാസം 11നുള്ളില്‍ സെനറ്റ് യോഗം ചേര്‍ന്നില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാവുമെന്നും സെനറ്റ് പിരിച്ചുവിടേണ്ടിവരുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് വിസിയുടെ തീരുമാനം. നേരത്തെ ഗവര്‍ണറുടെ അന്ത്യശാസനം വിസി തള്ളിയിരുന്നു.

വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയുടെ പേര് സെനറ്റ് നിര്‍ദേശിക്കില്ലെന്നും കമ്മിറ്റിയിലേക്ക് അംഗങ്ങളുടെ പേര് നിര്‍ദേശിച്ചുള്ള ഗവര്‍ണറുടെ വിജ്ഞാപനം നിയമവിരുദ്ധമാണെന്നുമാണ് സര്‍വകലാശാല ഗവര്‍ണറെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന് സര്‍വകലാശാല നിലപാട് സ്വീകരിച്ചത്. എന്നാല്‍, ഗവര്‍ണര്‍ സമ്മര്‍ദം കടുപ്പിച്ചതോടെ സര്‍വകലാശാലയ്ക്ക് വഴങ്ങേണ്ടിവന്നിരിക്കുകയാണ്.

കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനവിവാദത്തിന് പിന്നാലെ കേരള സര്‍വകലാശാലയിലും ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുങ്ങുകയാണ്. സര്‍വകലാശാലാ പ്രതിനിധിയെ ഒഴിച്ചിട്ടാണ് കഴിഞ്ഞ ആഗസ്ത് അഞ്ചിന് ഗവര്‍ണര്‍ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സര്‍വകലാശാലാ സെനറ്റ് യോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്കെതിരേ പ്രമേയം പാസാക്കിയിരുന്നു. ഇതിനുശേഷം രണ്ടുവട്ടം പ്രതിനിധിയെ നിര്‍ദേശിക്കാനാവശ്യപ്പെട്ട് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയെങ്കിലും സര്‍വകലാശാല തയ്യാറായിരുന്നില്ല.

Tags:    

Similar News