കാലടി സംസ്‌കൃത സര്‍വകലാശാല വിസിയെ മാറ്റി ഗവര്‍ണര്‍

Update: 2026-03-05 14:19 GMT

തിരുവനന്തപുരം: കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ കെ ഗീതാ കുമാരിയെ സ്ഥാനത്ത് നിന്നും നീക്കി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. പകരം സാങ്കേതിക സര്‍വകലാശാല വിസി ഡോ. സിസ തോമസിന് സംസ്‌കൃത സര്‍വകലാശാലയുടെ അധിക ചുമതല നല്‍കി. ബിഎഫ്എ വിദ്യാര്‍ഥികളെ പാസാക്കുന്നതുമായി സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്ന ഗവര്‍ണറുടെ ആവശ്യം വിസി തള്ളിയതിനു പിന്നാലെയാണ് നടപടി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഗവര്‍ണര്‍-വിസി തര്‍ക്കമുണ്ടായിരുന്നു.

ബിഎഫ്എ വിദ്യാര്‍ഥികളെ പാസാക്കുന്നതുമായി ബന്ധപ്പെട്ട സിന്‍ഡിക്കേറ്റ് തീരുമാനം നടപ്പിലാക്കരുതെന്ന് കാണിച്ച് ചാന്‍സലറായ ഗവര്‍ണര്‍ വിസിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആ കത്ത് പരിഗണിക്കേണ്ടതില്ലെന്ന് വിസി തീരുമാനിച്ചതാണ് സ്ഥാനത്ത് നിന്നും നീക്കാന്‍ കാരണമെന്നാണ് സൂചന. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് കാലിക്കറ്റ് സര്‍വകലാശാല സംസ്‌കൃത വിഭാഗം അധ്യക്ഷയായ കെ കെ ഗീതാ കുമാരിയെ സംസ്‌കൃത സര്‍വകലാശാലയുടെ താത്കാലിക വിസിയായി നിയമിച്ചിരുന്നത്.

Tags: