'ഗവര്‍ണര്‍ മാമുക്കോയയുടെ കഥാപാത്രത്തെ ഓര്‍മിപ്പിക്കുന്നു'; നിയമസഭയില്‍ പരിഹാസവുമായി കെ കെ ശൈലജ

ഗവര്‍ണര്‍ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണം. പ്രായത്തെ മാനിച്ചും ജനപ്രതിനിധിയെന്ന നിലയിലും അതിനെ വിശേഷിപ്പിക്കേണ്ട യഥാര്‍ത്ഥ ഭാഷ ഉപയോഗിക്കുന്നില്ലെന്നും ശൈലജ നിയമസഭയില്‍ പറഞ്ഞു.

Update: 2024-01-29 10:05 GMT

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ വിമര്‍ശനവും പരിഹാസവുമായി കെ കെ ശൈലജ എംഎല്‍എ. ഗവര്‍ണര്‍ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണമാണ്. ഗവര്‍ണര്‍ക്ക് ഒരു ആരോഗ്യ പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നതിന് തുടര്‍ന്നുള്ള സംഭവങ്ങള്‍ തെളിവാണ്. പ്രായത്തെ മാനിച്ചും ജനപ്രതിനിധിയെന്ന നിലയിലും അതിനെ വിശേഷിപ്പിക്കേണ്ട യഥാര്‍ത്ഥ ഭാഷ ഉപയോഗിക്കുന്നില്ലെന്നും കെകെ ശൈലജ നിയമസഭയില്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരേ കടുത്ത പ്രതിഷേധം ജനാധിപത്യ വിശ്വാസികള്‍ രേഖപ്പെടുത്തണം. ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇങ്ങനെ തരംതാഴരുത്. റോഡിലിരുന്നതൊന്നും അംഗീകരിക്കാനാവില്ല. ഗവര്‍ണര്‍ മാമുക്കോയയുടെ കഥാപാത്രത്തെ ഓര്‍മിപ്പിക്കുകയാണ്. ഹാസ്യ ഗുണ്ടാ കഥാപാത്രത്തെ (കീലേരി അച്ചു) ഓര്‍മിപ്പിക്കുന്നു. പേര് ഞാന്‍ പറയുന്നില്ല, പലര്‍ക്കുമത് മനസില്‍ വന്നിട്ടുണ്ടാവാം. എന്താണ് നഷ്ടപ്പെട്ടതെന്ന് ബംഗാളിലും ത്രിപുരയിലും ഇപ്പോള്‍ ജനങ്ങള്‍ക്കറിയാം. അത് കേരളത്തില്‍ സംഭവിക്കില്ലെന്നും കെകെ ശൈലജ പറഞ്ഞു. മതപരമായ ചടങ്ങില്‍ മതേതര രാജ്യത്തിന്റെ പ്രധാനമന്ത്രി മുഖ്യ കാര്‍മ്മികനാകുന്നു. രാജ്യം ഇതെങ്ങോട്ടാണ് പോവുന്നത്. അഴകൊഴമ്പന്‍ സമീപനമാണ് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News