സര്‍വകലാശാല ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയക്കാനൊരുങ്ങി ഗവര്‍ണര്‍

Update: 2023-01-06 04:40 GMT

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ ഒഴിവാക്കുന്ന സര്‍വകലാശാല ഭേദഗതി ബില്ലും ലോകായുക്ത ബില്ലും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ബാധിക്കുന്ന കാര്യമായതിനാല്‍ മുകളിലുള്ളവര്‍ തീരുമാനിക്കട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കൃത്യമായ നിയമോപദേശം തേടിയ ശേഷമാണ് ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ ഗവര്‍ണര്‍ ഒരുങ്ങുന്നതെന്നാണ് വിവരം. വിദ്യാഭ്യാസം കണ്‍കറന്റ് പട്ടികയിലുള്ളതിനാല്‍ സംസ്ഥാനത്തിന് മാത്രമായി തീരുമാനമെടുക്കാനാവില്ല എന്നാണ് ഗവര്‍ണറുടെ നിലപാട്.

എന്നാല്‍, ബില്‍ രാഷ്ട്രപതിക്ക് അയയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ബില്‍ രാഷ്ട്രപതിക്ക് അയച്ചാല്‍ അതിനെ നിയമപരമായി നേരിടാനുറച്ചിരിക്കുകയാണ് സര്‍ക്കാര്‍. ബില്‍ ഏതെങ്കിലും കേന്ദ്രനിയമത്തെ ഹനിക്കുന്നത് അല്ലാത്തതിനാല്‍ രാഷ്ട്രപതിക്ക് അയയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഡിസംബര്‍ 13ന് നിയമസഭ പാസാക്കിയ ബില്‍ 22നാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചത്. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 17 ബില്ലുകളില്‍ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവ അദ്ദേഹം അംഗീകരിച്ചു. ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് മുമ്പ് തന്നെ ഗവര്‍ണര്‍ സൂചന നല്‍കിയിരുന്നു.

Tags:    

Similar News