മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമയം നീട്ടിനല്‍കാനുള്ള ശിവസേനയുടെ അപേക്ഷ ഗവര്‍ണര്‍ തള്ളി; എന്‍സിപിയ്ക്ക് ഗവര്‍ണറുടെ ക്ഷണം

പുതിയ സാഹചര്യത്തില്‍ എന്‍സിപി കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Update: 2019-11-11 16:23 GMT

മുംബൈ: സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമയം നീട്ടിനല്‍കാനുള്ള ശിവസേനയുടെ അപേക്ഷ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി നിരസിച്ചു. തങ്ങളെ പിന്തുണച്ചുകൊണ്ടുള്ള സഖ്യകക്ഷിയുടെ കത്ത് നല്‍കാനുള്ള സമയപരിധി നീട്ടിനല്‍കണമെന്നായിരുന്നു ശിവസേനയുടെ ആവശ്യം. മൂന്നു ദിവസം സമയമാണ് ശിവസേന ആവശ്യപ്പെട്ടത്. എന്നാല്‍ സമയം നീട്ടി നല്‍കാനാവില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം വീണ്ടും പ്രതിസന്ധിയിലായി. ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയാണ് സമയം നീട്ടിനല്‍കണമെന്ന അപേക്ഷയുമായി ഗവര്‍ണറെ സന്ദര്‍ശിച്ചത്. പിന്തുണക്കുന്നവരുടെ കത്ത് ഗവര്‍ണര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നതില്‍ ശിവസേന പരാജയപ്പെട്ടെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടയില്‍ എന്‍സിപിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിനു ക്ഷണിച്ചതായുള്ള വാര്‍ത്ത പുറത്തവന്നിട്ടുണ്ട്. ഇക്കാര്യം ശരത്പവാറും ശവിയ്ക്കുന്നു. ഉദ്ദവ് താക്കറെയും സോണിയാ ഗാന്ധിയും നടത്തിയ ഫോണ്‍ സംഭാഷണത്തിനു ശേഷം ശിവസേനയ്ക്ക പിന്തുണപ്രഖ്യാപിക്കാനിടയുണ്ടെന്ന വാര്‍ത്തയുണ്ടായിരുന്നു. കോണ്‍ഗ്രസ് സ്വീകരിച്ച അയഞ്ഞ നിലപാട് മൂലം സഖ്യം നടക്കാതെ പോയെന്നാണ് കരുതുന്നത്. സേന, എന്‍സിപിയ്ക്ക് പിന്തുണപ്രഖ്യാപിക്കാനും തീരുമാനിച്ചിരുന്നു. അതിനിടയിലാണ് ഗവര്‍ണര്‍ സമയം നീട്ടിനല്‍കാനാവില്ലെന്ന കടുത്ത നിലപാടിലേക്ക് പോയത്.

പുതിയ സാഹചര്യത്തില്‍ എന്‍സിപി കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സഭയിലെ ഏറ്റവും വലിയ കക്ഷിയായ ബിജെപിയെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആദ്യം ക്ഷണിച്ചത്. പക്ഷേ, സേനയുമായി അധികാരം പങ്കിടുന്നതിനെ ചൊല്ലി നടന്ന തര്‍ക്കം ബിജെപിയുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്തി. തുടര്‍ന്നാണ് ശിവസേനയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണണത്തിനു ക്ഷണിച്ചത്. 

Tags:    

Similar News