സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് ഇന്ന്; ഡയസ്‌നോണ്‍ ബാധകമെന്ന് സര്‍ക്കാര്‍

Update: 2021-02-10 01:42 GMT

തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകളില്‍ അംഗങ്ങളായ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഇന്ന്. ശമ്പളപരിഷ്‌കണ റിപോര്‍ട്ടിലെ അപാകതകള്‍ക്കെതിരേയാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.

പണിമുടക്കുന്നവര്‍ക്കെതിരേ കടുത്ത നടപടികളുണ്ടാവുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജോലിക്ക് ഹാജരാവാത്ത താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യും. പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

ശമ്പള പരിഷ്‌കരണ റിപോര്‍ട്ടില്‍ കാര്യമായ വര്‍ധനയില്ലെന്നും അയ്യഞ്ചാണ്ട് ശമ്പള പരിഷ്‌കരണതത്വം റിപോര്‍ട്ടില്‍ അട്ടിമറിക്കപ്പെട്ടിരിക്കയാണെന്നും കൊവിഡിനെതിരേയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിനെ തുണച്ച ജീവനക്കാരെ സര്‍ക്കാര്‍ കയ്യൊഴിഞ്ഞിരിക്കയാണെന്നുമാണ് സംഘടനകള്‍ ആരോപിക്കുന്നത്. ശമ്പളപരിഷ്‌കരണ കമ്മീഷന്‍ കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചത്. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പളപരിഷ്‌കരണം വേഗത്തിലാക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍.