ബാറുകള്‍ തുറക്കുന്നതോടെ ബെവ്ക്യൂ ആപ്പുകള്‍ ഉപേക്ഷിക്കാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നതോടെ ബെവ്ക്യൂ ആപ് ഉപേക്ഷിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. മദ്യ വില്‍പ്പന ബിവറേജസ് കോര്‍പ്പറേഷന്‍വഴി നേരിട്ടു നടത്തുന്നതോടെ ആപ്പിന് പ്രസക്തിയില്ലാതാകുമെന്നാണ് എക്സൈസ് വകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ മദ്യം ബുക്ക് ചെയ്ത് വാങ്ങാനുള്ള സൗകര്യം നിലനിര്‍ത്തി ആപ്ലിക്കേഷന്‍ ഉപയോഗിക്കാം എന്നാവശ്യപ്പെട്ട് ബെവ്ക്യൂ ആപ്പ് വികസിപ്പിച്ച കമ്ബനി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ബിവറേജുകള്‍ അടച്ചിടാന്‍ തീരുമാനിക്കുന്നത്. ഇതുവഴി വന്‍സാമ്ബത്തിക തിരിച്ചടി നേരിട്ടതോടെയാണ് ബെവ്ക്യൂ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്. മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പുവഴി മദ്യവില്‍പ്പന ആരംഭിച്ചത്. ഇതേ സമയം ബാറുകളില്‍ പാഴ്സല്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം 24 മുതല്‍ ബാറുകളെ ഒഴിവാക്കി ആപ് വഴിയുള്ള ബുക്കിംഗ് ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പന ശാലകള്‍ക്ക് മാത്രമായി ചുരുക്കി.
ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്താതെ ബാറുകളില്‍ മദ്യം വില്‍ക്കുന്നത് ആപ്പുവഴി വില്‍പ്പന നടത്തുന്ന ബെവ്കോയ്ക്കും കണ്‍സ്യൂമര്‍ ഫെഡിനും വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ മുന്‍നിര്‍ത്തിയാണ് ആപ്പ് ഒഴിവാക്കാനുള്ള നീക്കം. അതേ സമയം ബെവ്ക്യൂ ആപ്പ് തയ്യാറാക്കിയ ഫെയര്‍കോഡ് ടെക്നോളജിസ് സര്‍ക്കാരിന് നിവേദം നല്‍കി. ബുക്ക് ചെയ്ത് സമയം നിശ്ചയിച്ച് വരുന്നവര്‍ക്കായി ആപ്പ് നിലനിര്‍ത്തണമെന്നും ഇവര്‍ക്കായി പ്രത്യേക കൗണ്ടര്‍ ഒരുക്കണമെന്നും കമ്പനി അഭ്യത്ഥിക്കുന്നു. തിരക്ക് കുറക്കുന്നതിന് ഇത് സഹായകമാകുമെന്നും നിവേദനത്തില്‍ സൂചിപ്പിക്കുന്നു.
