തിരുവനന്തപുരം: കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജായ മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി നല്‍കാന്‍ സര്‍ക്കാര്‍. കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയിലാണ് കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മര്‍കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനമുണ്ടായത്.
കാലങ്ങളായുള്ള ആവശ്യമാണ് കോളേജിന് എയ്ഡഡ് പദവി നല്‍കുകയെന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എയ്ഡഡ് പദവി നല്‍കുന്നതിനു പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളാണെന്നാണ് ആരോപണം. സ്വാശ്രയ കോളേജിന് എയ്ഡഡ് പദവി നല്‍കുന്നതോടെ അധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പളം അടക്കമുള്ള സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ വഹിക്കേണ്ടി വരും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള ഈ സ്ഥാപനത്തിന്റെ എംഡി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരിയും, പ്രിന്‍സിപ്പാള്‍ ഡോ. മുജീബ് യുവുമാണ്. ബിയുഎംഎസ് (BUMS) കോഴ്‌സ് നല്‍കുന്ന ഈ കോളേജ് കെയുഎച്എസ് (KUHS) അഫിലിയേഷനോടും ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടും കൂടിയാണ് പ്രവര്‍ത്തിക്കുന്നത്.