പി എസ് സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം; സമരം തുടരുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

Update: 2021-02-13 10:32 GMT

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. തസ്തിക സൃഷ്ടിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉറപ്പുകിട്ടിയില്ലെന്നും, സമരം തുടരുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.

ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ നാലെണ്ണം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി.പ്രമോഷന്‍ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്നതടക്കമുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഡി വൈ എഫ് ഐയുടെ മദ്ധ്യസ്ഥതയിലായിരുന്നു ചര്‍ച്ച നടത്തിയത്.

ചര്‍ച്ച പരാജയപ്പെടാന്‍ കാരണം ബാഹ്യ ഇടപെടലാണെന്ന് സംശയിക്കുന്നതായി ഡി വൈ എഫ് ഐ പ്രതികരിച്ചു. ഉന്നയിച്ച ആവശ്യങ്ങളില്‍ പലതും അപ്രായോഗികമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു. ഇന്നലെ രാത്രി 11.30ന് ആരംഭിച്ച ചര്‍ച്ച പുലര്‍ച്ചെ 1.15 വരെ തുടര്‍ന്നു. സമരക്കാരുടെ പ്രതിനിധികളായി നാലു പേരാണ് പങ്കെടുത്തത്.