വടകര ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: എന്‍ കെ റഷീദ് ഉമരി

Update: 2022-11-28 12:01 GMT

വടകര: തീരദേശ ജനതയടക്കം വടകര മേഖലയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ ആശ്രയിക്കുന്ന വടകര താലൂക്കാശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി. ആരോഗ്യവും വിദ്യാഭ്യാസവുമടക്കമുള്ള മേഖലകളില്‍ മതിയായ ഫണ്ടും സൗകര്യങ്ങളും ഒരുക്കേണ്ടത് ജനാധിപത്യസര്‍ക്കാരുകളുടെ ബാധ്യതയാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരുകള്‍ വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല.

മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ധൂര്‍ത്തിന് കോടികള്‍ മാറ്റിവയ്ക്കുമ്പോള്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളുടെ ഉന്നമനത്തിനു മാറ്റിവയ്ക്കാന്‍ ഫണ്ടില്ലെന്നത് ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടാണ്. വടകര സഹകരണാശുപത്രി, സ്വകാര്യാശുപത്രിയില്‍ എന്നിവയെ സഹായിക്കുന്നതിനാണോ ജില്ലാ ആശുപത്രിയെ അവഗണിക്കുന്നതെന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു. വടകര ജില്ലാ ആശുപത്രിയുടെ വികസന മുരടിപ്പിനെതിരേ എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ച ധര്‍ണ എസ്ഡിപിഐ ജില്ലാ സെക്രട്ടറി പി ടി അഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം കെ വി പി ഷാജഹാന്‍, എസ്ഡിടിയു ജില്ലാ സെക്രട്ടറി ശ്രീജിത്ത് കുമാര്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഷംന ചോറോട് എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ചു.

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് വടകര മണ്ഡലം സെക്രട്ടറി റസീന, മുനിസിപ്പല്‍ പ്രസിഡന്റ് സമദ് മാക്കൂല്‍ സെക്രട്ടറി ശറഫുദ്ദീന്‍, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈനുദ്ദീന്‍ സെക്രട്ടറി യാസിര്‍, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ഷബീര്‍, സെക്രട്ടറി ഉനൈസ്, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ആസിഫ് ചോറോട്, ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് വരിക്കോളി, സെക്രട്ടറി ഗഫൂര്‍ ഹാജി എന്നിവര്‍ നേതൃത്വം നല്‍കി. മണ്ഡലം സെക്രട്ടറി കെ കെ ബഷീര്‍, മുനിസിപ്പല്‍ പ്രസിഡന്റ് സമദ് മാകൂല്‍ പങ്കെടുത്തു.

Tags: