2018നു ശേഷം സുപ്രിംകോടതി ജഡ്ജിമാര്‍ക്കെതിരേ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത് 122 പരാതികളെന്ന് വിവരാവകാശ രേഖ

Update: 2020-08-28 14:24 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ക്കെതിരേ 2018നു ശേഷം ലഭിച്ച പരാതികളുടെ എണ്ണം 534ആണെന്ന് കേന്ദ്ര നിയമ മന്ത്രാലയം. ലഖ്‌നോവിലെ വിവരാവകാശ പ്രവര്‍ത്തകന്‍ ഡോ. നൂതന്‍ താക്കൂറിന് വിവരാവകാശ നിയമപ്രകാരുമുള്ള അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്. ഇതില്‍ 122 പരാതികള്‍ സുപ്രിംകോടതി ജഡ്ജിമാര്‍ക്കെതിരേയുള്ളതാണ്. ഇത്തരം പരാതികള്‍ തങ്ങള്‍ അതതുകാലത്ത് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് അയക്കാറാണ് പതിവെന്നും എന്നാല്‍ അതില്‍ എന്തെങ്കിലും നടപടി എടുത്തോ എന്ന കാര്യം അറിയില്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി നിയമമന്ത്രാലയം പ്രതികരിച്ചു.

അതേസമയം ഈ പരാതികളുടെ സ്വഭാവം എന്താണെന്ന് വ്യക്തമല്ല. അഴിമതി ആരോപണങ്ങളാണോ വിധിന്യായത്തിലെ പാകപ്പിഴകളെ കുറിച്ചുള്ളതാണോ എന്നും വ്യക്തമല്ല. അതുപോലെ പരാതി അയച്ചത് ആരാണെന്നോ ഏതെങ്കിലും കക്ഷികളോ അഭിഭാഷകരാണോ എന്നും വ്യക്തമല്ല.

പരാതിയില്‍ 412 എണ്ണം ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേയും 122 എണ്ണം സുപ്രിംകോടതി ജഡ്ജിമാര്‍ക്കെതിരേയുമാണ്. സുപ്രിംകോടതി ജഡ്ജിമാര്‍ക്കെതിരേയുള്ള പരാതിയില്‍ 52 എണ്ണം ഓണ്‍ലൈനായാണ് ലഭിച്ചത്. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേയുള്ള പരാതിയില്‍ 164 എണ്ണവും ഓണ്‍ലൈനായി ലഭിച്ചു. ഓണ്‍ലൈന്‍ പരാതികളയച്ചവരെ കണ്ടെത്തുക എളുപ്പമായതിനാല്‍ പരാതികള്‍ നിസ്സാരമാവാന്‍ സാധ്യതയില്ല. മിക്ക പരാതികളും പേജ് കണക്കിനുള്ളവയാണ്.

1992ല്‍ ഭരണഘടനാ ബെഞ്ച് സിറ്റിങ് ജഡ്ജിമാര്‍ക്കെതിരേയുള്ള പരാതികള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. 1968 ലെ ജഡ്ജസ് എന്‍ക്വയറി ആക്റ്റ് അനുസരിച്ച് രൂപം കൊടുക്കുന്ന കമ്മിറ്റിക്കു മുന്നാകെ ജഡ്ജിക്ക് തങ്ങളുടെ ഭാഗം വിശദമാക്കാന്‍ അവസരമുണ്ട്. ജഡ്ജിമാരുടെ അന്തസ്സും അവകാശങ്ങളും അവര്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളുടെ അന്തസ്സുമായി ബന്ധപ്പെട്ടതായതിനാല്‍ അത് ഉയര്‍ത്തിപ്പിടിക്കണമെന്നാണ് 1992 ലെ വിധിന്യായത്തിന്റെ അന്തസ്സത്ത.

എങ്കിലും ജഡ്ജിമാരുടെ നിയമനത്തിലും ഭരണപരമായ കാര്യങ്ങളിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിരളമാണെന്ന ആക്ഷേപം ഉയര്‍ന്നുവന്നിട്ടുണ്ട്. പണക്കാരുടെ പണത്തിനും വിസ്‌കി കുപ്പികള്‍ക്കും മുന്നില്‍ വീണുപോകുന്ന ജഡ്ജിമാര്‍ നിയമവ്യവസ്ഥയെ വീര്യംകെട്ടതാക്കുന്നുവെന്ന് ഇന്ത്യയുടെ 19ാമത് ചീഫ്ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് വെങ്കിട്ടരാമയ്യ പറഞ്ഞിരുന്നു.  

Tags: