ഇന്ത്യ സര്‍ക്കാരിന്റെ ഫ്രാന്‍സിലെ 20 ആസ്തികള്‍ പിടിച്ചെടുക്കും; കെയ്ന്‍ എനര്‍ജിയ്ക്ക് അനുകൂലമായി ഫ്രഞ്ച് കോടതിയുടെ വിധി
ന്യൂഡല്‍ഹി: ഫ്രാന്‍സിലെ ഇന്ത്യന്‍ ആസ്തികള്‍ പിടിച്ചെടുത്ത് തങ്ങള്‍ക്കുകിട്ടാനുള്ള തുക ഈടാക്കാന്‍ ബ്രിട്ടന്‍ ആസ്ഥാനമായ കെയ്ന്‍ എനര്‍ജി കമ്പനിക്ക് അനുകൂലമായി ഫ്രഞ്ച് കോടതിയുടെ വിധി. 20 ആസ്തികളാണ് കോടതിയുടെ പട്ടികയിലുള്ളത്. കെയ്ന്‍ എനര്‍ജിക്ക് കിട്ടാനുള്ള 1,700 ദശലക്ഷം ഡോളറിലേക്ക് ഇത് വരവ് വയ്ക്കും.
ഫ്‌ലാറ്റുകളും മറ്റ് ആസ്തികളും പിടിച്ചെടുത്ത് കിട്ടാനുള്ള തുക ഈടാക്കാന്‍ കെയ്ന്‍ എനര്‍ജിക്ക് ജൂണ്‍ 11ന് അനുമതി നല്‍കിയിരുന്നു. അതിനെത്തുടര്‍ന്നാണ് 20 ആസ്തികള്‍ കണ്ടെത്തിയത്.
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കോര്‍പ്പറേറ്റ് നികുതി കേസില്‍ 1.2 ദശലക്ഷം ഡോളര്‍ തുകയും അതിന്റെ പലിശയും പിഴയും കെയ്ന്‍ എനിര്‍ജിക്ക് തിരികെ നല്‍കാന്‍ ഇന്ത്യയോട് കഴിഞ്ഞ ഡിസംബറില്‍ അന്താരാഷ്ട്ര ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. ഇന്ത്യ അതില്‍ വീഴ്ചവരുത്തിയതിനെത്തുടര്‍ന്നാണ് കോടതി പുതിയ ഉത്തരവ് പുറത്തിറക്കിയത്.
കെയ്‌നിന്റെ ഇന്ത്യന്‍ അനുബന്ധസ്ഥാപനത്തിലെ 10 ശതമാനം ഓഹരികള്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് കമ്പനി ട്രിബ്യൂണലില്‍ കേസ് നല്‍കിയത്.