'റോഡ് തടസ്സപ്പെടുത്തി നമസ്‌കാരം അനുവദിച്ചത് കോണ്‍ഗ്രസ് സര്‍ക്കാര്‍'; ഗുരുഗ്രാമില്‍ നമസ്‌കാരം തടസ്സപ്പെടുത്തിയ ഹിന്ദുത്വര്‍ക്ക് പിന്തുണയുമായി അമിത് ഷാ

Update: 2021-11-01 13:03 GMT

ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ നമസ്‌കാരം തടസ്സപ്പെടുത്തിയ ഹിന്ദുത്വ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന പരാമര്‍ശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ദേശീയ പാത തടസ്സപ്പെടുത്തി നമസ്‌കാരം നടത്താന്‍ അനുമതി നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നാണ് അമിത് ഷാ കുറ്റപ്പെടുത്തിയത്. ഉത്തരാഖണ്ഡിലെ ഡറാഡൂണില്‍ ശനിയാഴ്ചയാണ് അമിത് ഷായുടെ വിവാദ പരാമര്‍ശമുണ്ടായത്. പ്രസംഗത്തിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.

'ഞാന്‍ മുമ്പ് കോണ്‍ഗ്രസ് ഭരണകാലത്ത്, ഉത്തരാഖണ്ഡില്‍ വന്നപ്പോള്‍, എന്റെ വാഹനവ്യൂഹം ഗതാഗതക്കുരുക്കില്‍ കുടുങ്ങി, വെള്ളിയാഴ്ചകളില്‍ നമസ്‌കരിക്കുന്നതിന് ദേശീയപാത തടയാന്‍ അനുമതിയുണ്ടെന്ന് ചിലര്‍ എന്നോട് പറഞ്ഞു.'- അമിത് ഷാ പ്രസംഗിച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് അമിത് ഷാ സംസ്ഥാനത്തെത്തിയത്. 

മുസ് ലിം വോട്ട് ബാങ്കിനുവേണ്ടി കോണ്‍ഗ്രസ് മുസ് ലിം പ്രീണനം നടത്തുകയാണെന്ന് അമിത് ഷാ ആരോപിച്ചു. ഹിന്ദുക്കളെ അവഗണിക്കുന്നു. കേതാര്‍നാഥില്‍ അറ്റകുറ്റപ്പണികള്‍ പോലും നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അമിത് ഷായുടെ പ്രസംഗം വിദ്വേഷപ്രചാരണത്തിന്റെ പരിധിയിലാണ് പെടുന്നതെന്നും അത് ഹിന്ദുക്കളെ കലാപത്തിന് പ്രേരിപ്പിക്കുന്നതാണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 

വലതുപക്ഷ വിഭാഗങ്ങള്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ പ്രോല്‍സാഹനവും പ്രേരണയും നല്‍കുന്നതാണ് പ്രസംഗമെന്ന് മാധ്യമപ്രവര്‍ത്തകനായ താരിഖ് അന്‍വര്‍ കുറ്റപ്പെടുത്തി. ഗുരുഗ്രാമില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ നിസ്‌കരിക്കുന്നവരെ ആക്രമിക്കുന്നവര്‍ക്ക് ശക്തിപകരുന്നത് ആരാണെന്ന് അറിയുമോ എന്ന് അദ്ദേഹം ചോദിച്ചു. വിദ്വേഷം പ്രചരിപ്പിക്കുന്നതു മാത്രമാണ് ഏഴ് വര്‍ഷമായ ഈ സര്‍ക്കാരിന്റെ ഏക നേട്ടം. പെട്രോേള്‍, ഡീസല്‍ നികുതിനിരക്ക് 200 ശതമാനമായി വര്‍ധിപ്പിച്ചിട്ടും ചോദ്യം ചെയ്യുന്നതില്‍ നിന്ന് അത് നമ്മെ തടയുന്നു. വിദ്വേഷ പ്രചാരണത്തിലൂടെ വിഷയം മാറ്റാനും സര്‍ക്കാരിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു വിധത്തിലുള്ള വികസന പ്രവര്‍ത്തനവും ഉത്തരാഖണ്ഡിലുണ്ടായിട്ടില്ല, പകരം ഇത്തരം വിദ്വേഷപ്രസംഗങ്ങള്‍ നടത്തുകയാണ് അവര്‍ ചെയ്യുന്നതെന്ന് കൊല്‍ക്കത്തയിലെ സര്‍വകലാശാലാ അധ്യാപകന്‍ ഡോ. മുഹമ്മദ് റെയ്‌സ് പറഞ്ഞു. 

ദയനീയം മുസ് ലിം വിരുദ്ധതയല്ലാതെ മറ്റൊന്നും പറയാനില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ അഭിഷേക് ബക്ഷി പരിഹസിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുരുഗ്രാമില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പ്രദേശങ്ങളില്‍ നമസ്‌കരിച്ച മുസ് ലിംകളെ ഹിന്ദുത്വര്‍ ആക്രമിക്കാനെത്തിയത്. സ്വകാര്യഭൂമിയില്‍ നമസ്‌കരിച്ചവരെപ്പോലും അക്രമികള്‍ തടഞ്ഞുവെന്നും റിപോര്‍ട്ടുണ്ട്.

Tags: