സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ല: ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണത്തിലേക്ക്

ഫെബ്രുവരി 19 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കും

Update: 2026-02-16 03:47 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ഒപി ബഹിഷ്‌കരണ സമരം ഇന്ന് മുതല്‍. കോളജുകള്‍ ഇന്ന് മുതല്‍ സ്തംഭിക്കും. ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒപി ബഹിഷ്‌കരണത്തിന് തുടക്കം. 19 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിച്ചില്ലെന്ന് കെജിഎംസിടിഎ. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ നടന്ന സമരം ഫെബ്രുവരി രണ്ടിന് സര്‍ക്കാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇന്ന് മുതല്‍ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണവും അനിശ്ചിതകാല ഒപി ബഹിഷ്‌കരണവും ശക്തമാക്കാന്‍ ഡോക്ടമാരുടെ സംഘടന തീരുമാനിച്ചത്.

പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് എല്ലാ മെഡിക്കല്‍ കോളജുകളിലും ധര്‍ണ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടികള്‍ ഉണ്ടാകാത്തപക്ഷം ഫെബ്രുവരി 19 മുതല്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കാനാണ് കെജിഎംസിടിഎയുടെ തീരുമാനം. അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, മറ്റ് അടിയന്തര ചികില്‍സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധം ബാധിക്കില്ല. മാസങ്ങളായി സമരരംഗത്തുള്ള ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കാത്തതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കുന്നതെന്ന് കെജിഎംസിടിഎ അറിയിച്ചു.

സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 19ന് സെക്രട്ടേറിയേറ്റിനു മുന്നില്‍ സംഘടന ധര്‍ണ നടത്തും. രാവിലെ 10 മണി മുതലാണ് ധര്‍ണ്ണ. അന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തും. ഫെബ്രുവരി 26 മുതല്‍ എല്ലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കാനാണ് കെജിഎംസിടിഎ ആഹ്വാനം ചെയ്തിരിക്കുന്നത്.

Tags: