രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നോ; സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ 6 ചോദ്യങ്ങളുമായി ചെന്നിത്തല

ഇന്ത്യന്‍ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കേരള സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നോ?

Update: 2021-12-31 06:46 GMT

കൊല്ലം: സംസ്ഥാന സര്‍ക്കാരുമായുള്ള തര്‍ക്കത്തെക്കുറിച്ച് ഗവര്‍ണര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താന്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളു എന്നും രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങളിലുള്‍പ്പെടെ തര്‍ക്കമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ഗവര്‍ണറുടെ ഈ വെളിപ്പെടുത്തലിലൂടെ ബോധ്യപ്പെടുന്നത് ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിലെ മഞ്ഞുമലയുടെ ഒരഗ്രം മാത്രമെ പുറത്തുവന്നിട്ടുള്ളൂ എന്നാണ്. ഈ അവസരത്തില്‍ ആറ് കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

1. ഇന്ത്യന്‍ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കേരള സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നോ? എങ്കില്‍ എന്നാണ്?

2. ഈ നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കേരള സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ നിരാകരിച്ചിരുന്നോ?

3. വൈസ് ചാന്‍സിലര്‍, ഗവര്‍ണറുടെ നിര്‍ദ്ദേശം സിന്‍ഡിക്കേറ്റിന്റെ പരിഗണനക്ക് വയ്ക്കുന്നതിന് പകരം സര്‍ക്കാരിന്റെ അഭിപ്രായം തേടിയോ? എങ്കില്‍ അത് ഏത് നിയമത്തിന്റെ പിന്‍ബലത്തില്‍?

4. ഇത്തരത്തില്‍ ഡി ലിറ്റ് നല്‍കുന്ന വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമുണ്ടോ?

5. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍, അദ്ദേഹത്തിന്റെ കാലാവധി തീരും മുന്‍പ് മൂന്ന് പേര്‍ക്ക് ഓണററി ഡി ലിറ്റ് നല്‍കാനുള്ള തീരുമാനം ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നോ? എങ്കില്‍ എന്നാണ് പട്ടിക സമര്‍പ്പിച്ചത്? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്?

6. ഈ പട്ടികക്ക് ഇനിയും ഗവര്‍ണറുടെ അസ്സന്റ് കിട്ടാത്തതിന്റെ കാരണം സര്‍വകലാശാലക്ക് ബോധ്യമായിട്ടുണ്ടോ?

Tags: