കോഴിക്കോട്: പ്രതിസന്ധിയിലും തങ്ങളുടെ മികവിനുള്ള അവസരം കണ്ടെത്താനുള്ള നൈപുണി വിദ്യാർത്ഥികൾ നേടണമെന്ന് പ്രശസ്ത മാന്ത്രികനും മോട്ടിവേഷണൽ
പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട് അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലാ ഭരണകൂടം വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടപ്പിലാക്കി വരുന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതിയായ എജ്യുമിഷൻ്റെ
ഭാഗമായുള്ള വിദ്യാർത്ഥികളുടെ നൈപുണി വികസന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ടത്തെ ഫ്ലൂ പകർച്ചവ്യാധിക്കാലവുമായി താരതമ്യം ചെയ്താൽ ഇന്നത്തെ കുട്ടികൾക്ക് പഠനത്തിനോ മറ്റോ യാതൊരു വിധ തടസ്സവും നേരിട്ടിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ അർഥവത്തായ
കഥകളിലൂടെ കുട്ടികളെ പ്രാപ്തരാക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ നൽകുകയായിരുന്നു അദ്ദേഹം.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പാൾ വി.വി.പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ചു. അസാപ്പ് ജില്ലാ പ്രോജക്ട് മാനേജർ മെഴ്സി പ്രിയ പദ്ധതി അവതരിപ്പിച്ചു. ജില്ലാ കലക്ടർ സാംബശിവ റാവു,അസിസ്റ്റൻ്റ് കലക്ടർ ശ്രീധന്യ സുരേഷ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.വിദ്യാഭ്യാസ മേഖലയിലെയും തൊഴിൽ മേഖലയിലേയും വെല്ലുവിളിളെ അതിജീവിക്കാൻ ലോകത്തുണ്ടാവുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച് വിജയം കൈവരിക്കാൻ കുട്ടികളെ പര്യാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനുതകുന്ന തരത്തിലുള്ള നൈപുണികൾ കുട്ടികൾക്ക് സ്വായത്തമാക്കാനുള്ള പൈലറ്റ് പദ്ധതിയാണ് എഡ്യൂമിഷൻ നൈപുണി വികസന പരിപാടി.
ജില്ലയിലെ 12 വിദ്യാലയങ്ങളിലെ 120 കുട്ടികളെയാണ് പൈലറ്റ് പദ്ധതിക്കായി തെരെഞ്ഞെടുത്തിരിക്കുന്നത്. ഓരോ വിദ്യാലയത്തിൽ നിന്നും ഒരധ്യാപകനെ മെന്ററായും നിശ്ചയിച്ചിട്ടുണ്ട്. ഒരു വിദ്യാഭ്യാസ ജില്ലയിൽ നിന്നും നാല് വിദ്യാലയങ്ങൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകളാണ് പ്രവർത്തനയൂണിറ്റ് . 40 വിദ്യാർഥികളും 4 ടീച്ചർ മെന്റർമാരും അടങ്ങുന്ന ഓരോ ക്ലസ്റ്ററിന്റെയും നേതൃത്വം വഹിക്കുക അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായിരിക്കും. ജില്ലാ കളക്ടർ നേതൃത്വം നൽകുന്ന വിദഗ്ധ സമിതിയിൽ ഡയറ്റ്, എൻ ഐ ടി, കലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദഗ്ദ്ധർ, അസാപ് ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജർ, ഐ എസ് ആർ ഒ, മാനേജ്മെന്റ് സ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയും വൈദഗ്ധ്യവുമാണ് പ്രയോജനപ്പെടുത്തുന്നത്. അതത് നൈപുണി മേഖലയിലെ വിദഗ്ധരാണ് മൊഡ്യൂളുകൾ തയ്യാറാക്കി പരിശീലനം നൽകുന്നത്. പരിശീനത്തിന് മുൻപും പരിശീലനത്തിനിടയിലും പരിശീലനശേഷവും കുട്ടികളെ വിലയിരുത്താനുള്ള രീതികളും ഇതിൽ ഉൾപ്പെടുന്നു.
ഓൺലൈനായി നടത്തിയ പരിപാടിയിൽ എസ്എസ്കെ കോഴിക്കോട് പ്രൊജക്ട് ഓഫീസർ എ.കെ.അബ്ദുൾ ഹക്കീം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കൺവീനർ ബി.മധു, കോഴിക്കോട് ഡിഇഒ പ്രദീപൻ കെ, താമരശേരി ഡിഇഒ രാജേന്ദ്രപ്രസാദ് കെ.ആർ, വടകര ഡിഇഒ വാസു സി.കെ, ഡോ. ഭാമിനി, സാജു പി.തോമസ്, വി.മനോജ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി.മിനി സ്വാഗതവും പദ്ധതി കോ ഓർഡിനേറ്റർ യു.കെ.അബ്ദുന്നാസർ നന്ദിയും പറഞ്ഞു.

