നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തിയ കേസിന് പുറമെ, ഡോളര്‍കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറ് കേസുകളിലാണ് സ്വപ്നക്ക് ജാമ്യം ലഭിച്ചത്. ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിട്ടാണ് പുറത്തിറങ്ങുന്നത്.

Update: 2021-11-06 06:27 GMT

തിരുവനന്തപുരം: നയതന്ത്രബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി. രണ്ട് ദിവസം മുന്‍പ് ഹൈക്കോടതി സ്വപ്‌നയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. സ്വര്‍ണ കടത്ത് കേസില്‍ എന്‍ഐഎ ചുമത്തിയ യുഎപിഎ നിലനില്‍ക്കുകയില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നാണ് പുറത്തിറങ്ങിയത്. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിന്നീട് പറയാമെന്നായിരുന്നു സ്വപ്‌നയുടെ പ്രതികരണം.

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിന് പുറമെ, ഡോളര്‍കടത്ത്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആറ് കേസുകളിലാണ് സ്വപ്ന റിമാന്‍ഡിലായത്. ഒരു വര്‍ഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് പുറത്തിറങ്ങുന്നത്. ശനിയാഴ്ച രാവിലെ സ്വപ്‌നയുടെ അമ്മ പ്രഭ സുരേഷ് ജയിലെത്തി മോചനത്തിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ജയില്‍ മോചിതയായ ശേഷം സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമെന്ന് നേരത്തെ മാതാവ് പ്രഭാ സുരേഷ് വ്യക്തമാക്കിയിരുന്നു. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എന്‍ഐഎ കേസില്‍ സ്വപ്നയക്ക് കോടതി ജാമ്യം ലഭിച്ചത്.

ബാലരാമപുരത്തെ കുടുംബവീട്ടിലേക്കാണ് സ്വപ്‌ന സുരേഷ് പോയത്. അമ്മ പ്രഭ സുരേഷാണ് സ്വപനയെ ജയിലില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയത്. ഈ കേസിലെ മറ്റൊരു പ്രതിയായിരുന്ന സന്ദീപ് നായര്‍ക്ക് ഉള്‍പ്പെടെ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, കോഫെപോസെ കേസ് നിലനില്‍ക്കുന്നതിനാല്‍ സരിത്ത് ഇപ്പോഴും ജയിലിലാണ്.

Tags:    

Similar News