സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണം; സെക്രട്ടേറിയറ്റിന് മുന്‍പില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് എസ്ഡിപിഐ

മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ സമഗ്രാന്വേഷണം വേണമെന്ന് അഷ്‌റഫ് പ്രാവച്ചമ്പലം

Update: 2022-06-07 15:29 GMT

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിദേശ യാത്ര സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അഷ്‌റഫ് പ്രാവച്ചമ്പലം. മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഹവാല ഇടപാടിലും സ്വര്‍ണ കള്ളക്കടത്തിനും നേതൃത്വം നല്‍കിയെന്ന ആരോപണമുയര്‍ന്നു വരുന്നത്. കേസില്‍ നിന്നു രക്ഷപ്പെടാന്‍ നടത്തിയ എല്ലാ ഗൂഢതന്ത്രങ്ങളും പൊളിഞ്ഞിരിക്കുകയാണ്. നാളിതുവരെ ബിജെപിയുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് രാഷ്ട്രീയമായിരുന്നു. അതിന്റെ ഫലമായാണ് കേരളത്തില്‍ നിരപരാധികളെ വേട്ടയാടി ആര്‍എസ്എസ്സിനെയും ബിജെപിയെയും കൂടെ നിര്‍ത്തിയത്. കേന്ദ്ര ഏജന്‍സികളുള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ ഇത്തരത്തില്‍ മെരുക്കി നിര്‍ത്തി അന്വേഷണം വഴിതിരിച്ചു വിടുകയോ മരവിപ്പിക്കുകയോ ആയിരുന്നു. സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലോടെ കാര്യങ്ങള്‍ വ്യക്തമായിരിക്കുകയാണ്. പിണറായി വിജയന്റെ കുടുംബക്കാരെയും സഹയാത്രികരായ ഉദ്യോഗസ്ഥരെയും ഉടന്‍ വിശദമായി ചോദ്യം ചെയ്യണമെന്നും അഷ്‌റഫ് പ്രാവച്ചമ്പലം ആവശ്യപ്പെട്ടു.

ഗുരുതരമായ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെട്ടിട്ടും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനാണ് തീരുമാനമെങ്കില്‍ വരും നാളുകളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കേരളം സാക്ഷിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ സെക്രട്ടറി ഇര്‍ഷാദ് കന്യാകുളങ്ങര സംസാരിച്ചു.

പാളയത്തു നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റിനു മുമ്പില്‍ സമാപിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കു നേരേ പോലിസ് ജനപീരങ്കി പ്രയോഗിച്ചു.

സെക്രട്ടറിയേറ്റിനു മുമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. പ്രതീകാത്മകമായി നയതന്ത്ര ബാഗേജും വഹിച്ചുകൊണ്ടാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. എസ്ഡിടിയു ജില്ലാ പ്രസിഡന്റ് മഹ്ഷൂഖ് വള്ളക്കടവ്, എസ്ഡിപിഐ തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് അനസ് നേമം, മണ്ഡലം സെക്രട്ടറി സുധീര്‍ പരുത്തിക്കുഴി, വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് കബീര്‍ കാച്ചാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Tags:    

Similar News