സ്വര്‍ണക്കടത്ത്: മതവികാരമുയര്‍ത്തി രക്ഷപ്പെടാനുള്ള സിപിഎം തന്ത്രത്തില്‍ വീഴില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി

Update: 2020-09-18 13:43 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദമായപ്പോള്‍ മതവികാരം ഉയര്‍ത്തി പ്രതിരോധിക്കാനുള്ള ഭരണകക്ഷിയുടെ ശ്രമത്തിനെതിരേ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം പി. ഖുര്‍ആന്റെ പേര് പറഞ്ഞ് വിവാദത്തിന് തടയിടാന്‍ ശ്രമിക്കുന്നത് ശരിയല്ല. ആരോപണവിധേയനായ മന്ത്രി രാജിവെക്കണമെന്ന് പറയുമ്പോള്‍ അടിച്ചൊതുക്കുന്നതും മതപരമായ വികാരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതും അംഗീകരിക്കാനാവില്ല. തങ്ങള്‍ ആ കെണിയില്‍ വീഴില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ഖുറാന്റെ പേരില്‍ തടയൂരാന്‍ സിപിഎം ശ്രമിക്കേണ്ട. കേരളീയര്‍ മണ്ടന്മാരൊന്നുമല്ല. ഇതൊരു വെള്ളരിക്കാപ്പട്ടണവുമല്ല. ജനങ്ങള്‍ക്ക് കാര്യങ്ങളെല്ലാം മനസ്സിലാവും. അതെങ്കിലും തിരിച്ചറിയാന്‍ ഇടതുമുന്നണി നേതാക്കള്‍ക്ക് കഴിയണം. ബിജെപിക്ക് മുതലെടുക്കാന്‍ അവസരമുണ്ടാക്കുകയാണ് സിപിഎം ചെയ്യുന്നത്. ആവശ്യമില്ലാതെ പലതരം കാര്യങ്ങള്‍ കൊണ്ടുവന്ന് അത് ചര്‍ച്ചയാക്കി തടിയൂരാന്‍ നോക്കുകയാണ്. ബിജെപിയെ വലുതാക്കാന്‍ നോക്കുന്നത് ഇടതുമുന്നണിയാണ്. എന്നാല്‍ ഞങ്ങള്‍ കേരളത്തിലായാലും പാര്‍ലമെന്റിലായാലും ബിജെപിക്കെതിരാണ്.

അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിജെപിയെ തറപറ്റിച്ചത് ഞങ്ങളാണ്. ഡല്‍ഹി കലാപത്തില്‍ യെച്ചൂരിക്കെതിരെ പോലും കേസെടുത്തത് ഞങ്ങള്‍ എതിര്‍ത്തിരുന്നു. ഇന്ത്യയില്‍ എതിര്‍ക്കേണ്ടത് ബിജെപിയെയാണ്. എന്നാല്‍ കേരളത്തില്‍ മുഖ്യശത്രു ബിജെപി ആണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ പറയുന്നത്. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫുമേ ഉള്ളൂ ബിജെപി ഒന്നും അല്ല. ഇനിയും ഒന്നുമുണ്ടാവില്ല.

ഖുര്‍ആന്‍ വിതരണം ചെയ്യാനോ കൊണ്ടുപോവാനോ യാതൊരു തടസ്സവുമില്ല. എന്നാല്‍ സ്വര്‍ണക്കടത്ത് ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്റെ കൂടെ ഖുര്‍ആന്റെ കാര്യം പറഞ്ഞ് രംഗം വഷളാക്കേണ്ട എന്നാണ് ഞങ്ങളുടെ നിലപാട്. ചര്‍ച്ച വഴിതിരിച്ചുവിട്ട് തടിയൂരാനുള്ള മെയ്‌വഴക്കമാണ് സിപിഎമ്മിന്റെ. ആരോപണങ്ങള്‍ക്ക് മന്ത്രിമാര്‍ നേരെചൊവ്വേ മറുപടി പറയണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags: