സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷ് വീണ്ടും ഇഡിക്ക് മുമ്പാകെ ഹാജരായി

Update: 2022-07-01 19:26 GMT

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി സ്വപ്‌നാ സുരേഷ് നാലാംതവണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരായി. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണു ചോദ്യം ചെയ്യല്‍. സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയിലെ മുഖ്യമന്ത്രിയടക്കമുള്ളവരെക്കുറിച്ചുള്ള ഗൗരവതരമായ പരാമര്‍ശങ്ങളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങളാണ് ഇഡി തേടുന്നത്. എന്‍ഐഎ പിടിച്ചെടുത്ത ലാപ്‌ടോപ്പിലെയും ഫോണിലെയും വിശദാംശങ്ങളും മെയില്‍ ആര്‍ക്കേവ്‌സും പരിശോധിച്ചായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍.

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് സ്വപ്‌ന നല്‍കിയ മൊഴിയുടെ വിശദാംശങ്ങളെക്കുറിച്ച് ഇഡി വിവരങ്ങള്‍ ശേഖരിച്ചതായാണ് വിവരം. കഴിഞ്ഞ 22 മുതലാണു സ്വപ്‌നയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും കഴിഞ്ഞ ദിവസം സ്വപ്‌ന മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇക്കാര്യങ്ങളിലും ഇഡി വ്യക്തത തേടിയതായാണ് സൂചന. ചോദ്യം ചെയ്യല്‍ തുടരും. അതേസമയം, സ്വപ്‌ന സുരേഷില്‍നിന്ന് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിയെ (എഐഎ) സമീപിക്കാനൊരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ലാപ്‌ടോപ്, ഐ ഫോണ്‍ എന്നിവയുടെ മിറര്‍ ഇമേജുള്‍പ്പെടെ കൂടുതല്‍ വിശദാംശങ്ങളാണ് ആവശ്യപ്പെടുക. നേരത്തേ ചില രേഖകള്‍ കൈമാറിയിരുന്നു.

Tags:    

Similar News