സ്വര്‍ണ്ണക്കടത്ത്; കരിപ്പൂരില്‍ പിടിയിലായ വിമാന ജീവനക്കാരന്‍ 6 തവണ സ്വര്‍ണ്ണം കടത്തിയെന്ന് മൊഴി

Update: 2022-05-27 03:24 GMT

മലപ്പുറം: കരിപ്പൂരില്‍ പിടിയിലായ വിമാന ജീവനക്കാരന്‍ ആറ് തവണ സ്വര്‍ണ്ണം കടത്തിയെന്ന് മൊഴി. ആറ് തവണയായി 8.5 കിലോ സ്വര്‍ണ്ണമാണ് കടത്തിയത്. അതിന്റെ മൂല്യം ഏതാണ്ട് നാലര കോടിയോളം രൂപ വരും. 

എയര്‍ ഇന്ത്യ കാബിന്‍ ക്രൂ നവനീത് സിംഗ് ഇന്നലെയാണ് സ്വര്‍ണ്ണം കടത്തിയതിന് പിടിയിലായത്. ഡല്‍ഹി സ്വദേശിയായ ഇയാളെ കസ്റ്റംസാണ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തത്. ഷൂവിനുള്ളില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്തുകയായിരുന്നു.

65 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ഇയാള്‍ ഷൂവില്‍ ഒളിപ്പിച്ചിരുന്നത്. ദുബയില്‍ നിന്നാണ് സ്വര്‍ണ്ണം കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

അതേസമയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് സംഭവങ്ങളിലായി ഇന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന 658 ഗ്രാം സ്വര്‍ണം പിടികൂടി. വിമാനത്താവളത്തിനുള്ളിലെ ബാത്‌റൂമില്‍ ഉപേക്ഷിച്ച നിലയിലാണ് 268 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയത്. കര്‍ണാടകയിലെ ഭട്കല്‍ സ്വദേശി മുഹമ്മദ് ഡാനിഷില്‍ നിന്നുമാണ് ശേഷിച്ച സ്വര്‍ണം പിടികൂടിയത്. ഡിആര്‍ഐയും കസ്റ്റംസുമാണ് സ്വര്‍ണം കണ്ടെത്തിയത്.

Similar News