ഓഹരി ഫണ്ടുകളെ മറികടന്ന് ഗോള്‍ഡ്-സില്‍വര്‍ ഇടിഎഫുകള്‍; ജനുവരിയില്‍ 33,000 കോടി രൂപയുടെ റെക്കോര്‍ഡ് നിക്ഷേപം
മുംബൈ: നിക്ഷേപ രംഗത്ത് ആദ്യമായി ഓഹരി ഫണ്ടുകളെ മറികടന്ന് ഗോള്‍ഡ്, സില്‍വര്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) മുന്നിലെത്തി. സ്വര്‍ണവും വെള്ളിയും വിലയില്‍ ചരിത്രപരമായ ഉയര്‍ച്ച രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ജനുവരിയില്‍ മാത്രം 33,000 കോടി രൂപയാണ് ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകളിലേക്ക് ഒഴുകിയത്. അതേസമയം, ഓഹരി വിപണി ഫണ്ടുകള്‍ക്ക് ലഭിച്ചത് 24,029 കോടി രൂപയുടെ നിക്ഷേപമാണ്. രൂപയുടെ മൂല്യത്തില്‍ ഇടിവും ഓഹരി വിപണിയിലെ തുടര്‍ച്ചയായ ചാഞ്ചാട്ടവും നിലനിന്ന സാഹചര്യത്തിലാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപകരുടെ താല്‍പര്യം വര്‍ധിച്ചതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആസ്തികളിലേക്ക് നിക്ഷേപം മാറ്റുന്ന പ്രവണതയുടെ സൂചനയാണിതെന്നും സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തി.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം ജനുവരിയില്‍ 31,002 കോടി രൂപയായി. കഴിഞ്ഞ മാസത്തേതിനെ അപേക്ഷിച്ച് വലിയ വ്യത്യാസമില്ലെങ്കിലും ഇത് സര്‍വകാല റെക്കോര്‍ഡാണ്. ഓഹരി, ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകള്‍ ഉള്‍പ്പെടെ രാജ്യത്തെ മൊത്തം മ്യൂച്വല്‍ ഫണ്ടുകളിലെ ആസ്തി 81 ലക്ഷം കോടി രൂപ കടന്നതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (എഎംഎഫ്‌ഐ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര വിപണിയില്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി 29 വരെ ന്യൂയോര്‍ക്ക് കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണവില 29 ശതമാനം ഉയര്‍ന്നു. ഏകദേശം 1,000 ഡോളറിന്റെ വര്‍ധനവോടെ ഒരു ഔണ്‍സ് സ്വര്‍ണം 5,586 ഡോളര്‍ എന്ന സര്‍വകാല ഉയരത്തിലെത്തി. എന്നാല്‍ ജനുവരി അവസാന ദിവസം സ്വര്‍ണവിലയില്‍ 12 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി. ആഭ്യന്തര വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില രണ്ടു ലക്ഷം രൂപയ്ക്കടുത്ത് ഉയര്‍ന്നപ്പോള്‍, ഒരു കിലോ വെള്ളിയുടെ വില നാലു ലക്ഷം രൂപയെത്തി. കഴിഞ്ഞ 12 മാസത്തെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ജനുവരിയില്‍ ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകളിലേക്ക് റെക്കോര്‍ഡ് ഒഴുക്കാണുണ്ടായതെന്ന് സാംകോ മ്യൂച്വല്‍ ഫണ്ട് സിഇഒ വിരാജ് ഗാന്ധി പറഞ്ഞു.
രാജ്യത്തെ ഗോള്‍ഡ് ഇടിഎഫുകളിലെ മൊത്തം ആസ്തി 1.63 ലക്ഷം കോടി രൂപയും സില്‍വര്‍ ഇടിഎഫുകളിലെ ആസ്തി 1.13 ലക്ഷം കോടി രൂപയുമാണെന്ന് നിപ്പോണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
