സ്വര്‍ണക്കടകളിലെ നികുതി വെട്ടിപ്പ്: പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

വലിയ സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫിസിലും പോലിസ് സ്‌റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യത മുഖ്യമന്ത്രി യോഗത്തില്‍ ആരാഞ്ഞു

Update: 2021-09-07 07:08 GMT

തിരുവനന്തപുരം: സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്‍പന നികുതി ഇന്റലിജന്‍സ് ശക്തിപ്പെടുത്തുമെന്നും ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നികുതി വെട്ടിപ്പ് സാധ്യത കാണുന്ന സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്തണം. അത്തരക്കാരുടെ ജിഎസ്ടി രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെടുക്കണം. നികുതി പരിവ് കൂടുതല്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മതിയായ ഇന്‍സന്റീവ് നല്‍കണം. വലിയ സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫിസിലും പോലിസ് സ്‌റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യത മുഖ്യമന്ത്രി യോഗത്തില്‍ ആരാഞ്ഞു.

ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ. വിപി ജോയ്, നികുതി വകുപ്പ് സെക്രട്ടറി ശര്‍മിള മേരി ജോസഫ്, സംസ്ഥാന ജിഎസ്ടി കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: