തിരുവനന്തപുരം സിവില്‍ സ്‌റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ കാണാതായി; നഷ്ടമായത് 50 പവനോളം സ്വര്‍ണം

Update: 2022-05-30 19:32 GMT

തിരുവനന്തപുരം: കുടപ്പനക്കുന്ന് സിവില്‍ സ്‌റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ സ്വര്‍ണം കാണാതായി. ആര്‍ഡിഒയുടെ കരുതലിലുണ്ടായിരുന്ന സ്വര്‍ണമാണ് കാണാതായത്. സീനിയര്‍ സൂപ്രണ്ടിനായിരുന്നു സംരക്ഷണച്ചുമതല. 50 പവനോളം സ്വര്‍ണം കാണാതായതായാണ് സൂചന. സംഭവത്തില്‍ പേരൂര്‍ക്കട പോലിസ് കേസെടുത്തു. തര്‍ക്ക വസ്തുക്കള്‍, അജ്ഞാത മൃതദേഹങ്ങളില്‍ നിന്നുള്ളവ, കളഞ്ഞുകിട്ടി പോലിസിന് ലഭിക്കുന്നത്, മറ്റു തരത്തില്‍ ഉടമസ്ഥനില്ലാതെ പോവുന്നത് തുടങ്ങിയ രീതിയിലുള്ള സ്വര്‍ണമാണ് പൊതുവില്‍ ആര്‍ഡിഒ ഓഫിസുകളില്‍ സൂക്ഷിക്കുന്നത്.

സ്വര്‍ണം നഷ്ടമായതിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകള്‍ സബ് കലക്ടര്‍ ജില്ലാ കലക്ടര്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കലക്ടര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, സബ് കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ച് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. 2010 മുതല്‍ 2019 വരെയുള്ള കാലയളവിലെ വിവിധ കേസുകളിലെ തൊണ്ടിമുതലുകളില്‍ നിന്നാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്.

Tags: