മന്ത്രവാദം ഉപയോഗിച്ച് മതംമാറ്റമെന്ന് ആരോപണം: പാസ്റ്റര്‍ക്കെതിരേയുള്ള കേസ് ഗോവ ക്രൈംബ്രാഞ്ചിന്

Update: 2022-06-02 12:40 GMT

പനാജി: ക്രിസ്തുമതത്തിലേക്ക് മതംമാറ്റാന്‍ മാന്ത്രികവിദ്യ ഉപയോഗിച്ചുവെന്ന് ആരോപിച്ച് പാസ്റ്റര്‍ക്കും ഭാര്യക്കുമെതിരേ ചുമത്തിയെ കേസ് ലോക്കല്‍ പോലിസില്‍നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറി. ഇവര്‍ക്കെതിരേ പോലിസ് ചുമത്തിയ കേസില്‍ കോടതി ജാമ്യം നല്‍കിയിരുന്നു. ഡെപ്യൂട്ടി സൂപ്രണ്ട് ജിവ് ബ ഡല്‍വിയാണ് കേസ് കൈമാറിയ കാര്യം പുറത്തുവിട്ടത്.

മന്ത്രവാദ വിരുദ്ധനിയമമനുസരിച്ചാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.

നിര്‍ബന്ധപൂര്‍വം മതംമാറ്റാന്‍ അനുവദിക്കില്ലെന്നും ഗോവയില്‍ താമസിയാതെ അതിനെതിരേ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

ശക്തമായ അന്വേഷണം വേണമെന്നുളളതുകൊണ്ടാണ് കേസ് കൈമാറുന്നതെന്നാണ് പോലിസ് പറയുന്നത്.

തന്റെ മാന്ത്രികസിദ്ധി ഉപയോഗിച്ച് ഇയാള്‍ മതംമാറ്റുന്നുവെന്നാണ് ബിജെപി നേതാക്കളും സംഘപരിവാര്‍ സംഘടനകളും ആരോപിക്കുന്നത്. ഗോവയില്‍ അത്തരം മതംമാറ്റം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാസ്റ്റര്‍ക്കെതിരേ കേസെടുത്തത് ആഭ്യന്തര വകുപ്പിന്റെ വലിയ വിജയമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇദ്ദേഹത്തിനെതിരേ നിരവധി പരാതികളുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. 

Tags: