ഗോ ഇലക്ട്രിക് ക്യാമ്പയിന്‍: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രദര്‍ശനവും വെബ് പോര്‍ട്ടലും ഉദ്ഘാടനം ചെയ്തു

Update: 2021-09-01 08:04 GMT

തിരുവനന്തപുരം: റോഡുകള്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ എനര്‍ജി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'ഗോ ഇലക്ട്രിക്' ക്യാമ്പയിന്റെ ഭാഗമായി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രദര്‍ശനവും വെബ് പോര്‍ട്ടല്‍ ഉദ്ഘാടനവും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്തെ റോഡുകളില്‍ ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. 

വെള്ളയമ്പലം ഇന്‍സ്റ്റിട്യൂഷന്‍ ഓഫ് എന്ജിനിയേഴ്‌സ് ഹാളില്‍ ഇന്ന് രാവിലെ 11:30 ന് നടക്കുന്ന ചടങ്ങില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ടെസ്റ്റ് െ്രെഡവ് ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആര്‍ ഹരികുമാര്‍, സി.ഇ.എസ്.എല്‍ എം.ഡി & സി ഇ ഒ മഹുവാ ആചാര്യ  എന്നിവര്‍ പങ്കെടുത്തു. 

എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിലാണ് ഒരുവര്‍ഷം നീളുന്ന ക്യാമ്പയിന്‍ നടക്കുന്നത്. കോണ്‍വെര്‍ജെന്‍സ് എനര്‍ജി സര്‍വിസസ് ലിമിറ്റഡുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സബ്‌സിഡിയടക്കമുള്ള ആനുകൂല്യങ്ങളുമുണ്ടാകും. 27 മുതല്‍ 47 ശതമാനം വരെയാണ് സബ്‌സിഡി. ബാറ്ററി കപ്പാസിറ്റി അനുസരിച്ചാണ് സബ്‌സിഡിയും ലഭ്യമാവുക. 

ഉയര്‍ന്നുവരുന്ന പെട്രോള്‍ ഡീസല്‍ വിലവര്‍ധന സമ്മാനിക്കുന്ന ദുരിതത്തില്‍നിന്ന് രക്ഷപ്പെടാന്‍ ബദല്‍ മാര്‍ഗത്തെക്കുറിച്ചുള്ള വിപുലമായ ബോധവല്‍ക്കരണമാണ് ഗോ ഇലക്ട്രിക് ക്യാമ്പയിനിലൂടെ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ലക്ഷ്യമിടുന്നത്. അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും ഒഴിവാക്കി നിലവില്‍ വിപണിയില്‍ ലഭിക്കുന്നതിനെക്കാള്‍ കുറഞ്ഞ വിലയില്‍ സര്‍ക്കാര്‍ പദ്ധതിയിലൂടെ ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ പൊതുജനങ്ങള്‍ക്ക് ഇതിലൂടെ സാധിക്കും. 

Tags: