കേന്ദ്രമന്ത്രിക്കെതിരേ ' ഗോ ബാക്ക് 'വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍

രവിശങ്കര്‍ പ്രസാദിന് നേരെ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ കോടീശ്വരനും വ്യവസായിയുമായ ബിജെപി നേതാവ് ആര്‍ കെ സിന്‍ഹക്ക് സിന്ദാബാദ് വിളിക്കുകയും ചെയ്തു.

Update: 2019-03-26 09:46 GMT

പട്‌ന: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് നേരെ പട്‌ന വിമാനത്താവളത്തില്‍ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകരുടെ ഗോ ബാക്ക് വിളി. രവിശങ്കര്‍ പ്രസാദിന് നേരെ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ കോടീശ്വരനും വ്യവസായിയുമായ ബിജെപി നേതാവ് രവിന്ദ്ര കിഷോര്‍ (ആര്‍കെ) സിന്‍ഹക്ക് സിന്ദാബാദ് വിളിക്കുകയും ചെയ്തു. ബിജെപി രാജ്യസഭാ എംപി കൂടിയാണ് ആര്‍കെ സിന്‍ഹ.പട്‌ന സാഹേബ് ലോക്‌സഭാ മണ്ഡലത്തില്‍ ആര്‍ കെ സിന്‍ഹയെ മറികടന്ന് രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ഥിയാക്കിയതിലുള്ള പ്രതിഷേധമാണ് ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ നടത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.


നടനും ബിജെപി വിമതനായി മാറുകയും ചെയ്ത ശത്രുഘ്‌നന്‍ സിന്‍ഹയാണ് ഇവിടുത്തെ സിറ്റിങ് എംപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും കടുത്ത വിമര്‍ശകനായി മാറിയ ശത്രുഘ്‌നന്‍ സിന്‍ഹക്ക് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ച് രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ആര്‍ കെ സിന്‍ഹക്ക് സീറ്റ് ലഭിക്കുമെന്നാണ് ആദ്യം കരുതിയിരുന്നെങ്കിലും രവിശങ്കര്‍ പ്രസാദിനെ അപ്രതീക്ഷിതമായി കേന്ദ്ര നേതൃത്വം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ആര്‍ കെ സിന്‍ഹയാണ് പട്‌നയില്‍ ഞങ്ങളുടെ നേതാവെന്നും രവിശങ്കര്‍ പ്രസാദ് ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയില്ലെന്നും പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.


Tags: