കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് ഹൈക്കോടതി ഉപാധികളോടെ അനുമതി നല്‍കി. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. പരിപാടി നടത്തുമ്പോള്‍ പമ്പയുടെ പരിശുദ്ധി കാക്കണമെന്നും പരിസ്ഥിതിക്കോ വനമേഖലയ്ക്കോ ഹാനികരമായതൊന്നും നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു
പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലായിരിക്കണം പരിപാടി നടത്തേണ്ടതെന്നും സാധാരണ അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ ഒരു വിധത്തിലും ഹനിക്കുന്നതാവരുത് പരിപാടി എന്നും കോടതി വ്യക്തമാക്കി. സുതാര്യമായ സാമ്പത്തിക അക്കൗണ്ട് സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. ആഗോള അയ്യപ്പസംഗമം നടത്തുന്നതില്‍ ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അയ്യപ്പസംഗമത്തിനുവേണ്ടി ദേവസ്വംബോര്‍ഡോ സര്‍ക്കാരോ പണം ചെലവാക്കുന്നില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം.
സെപ്റ്റംബര്‍ മൂന്നാം വാരമാണ് സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്. ദേവസ്വം ബോര്‍ഡ് 75 ആം വാര്‍ഷികത്തിന്റെ കൂടി ഭാഗമായി പമ്പയില്‍ നടത്തുന്ന ആഗോള അയ്യപ്പസംഗമത്തില്‍ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തര്‍ പങ്കെടുക്കും. തത്വമസി എന്ന വിശ്വമാനവതയുടെ സന്ദേശം ലോകമൊട്ടാകെ പ്രചരിപ്പിക്കാനും, ശബരിമലയെ ഒരു ദൈവീക, പാരമ്പര്യ, സുസ്ഥിര ആഗോള തീര്‍ത്ഥാടന കേന്ദ്രമായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംഗമം നടത്തുന്നത് എന്നാണ് സര്‍ക്കാര്‍ വാദം. മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയായും മറ്റ് മന്ത്രിമാര്‍ രക്ഷാധികാരികളായും, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ഉള്‍പ്പെടുന്നതാണ് പരിപാടിയുടെ സ്വാഗത സംഘം . ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുന്നുണ്ട്. പരിപാടി കൃത്യമായി ആസൂത്രണം ചെയ്യാന്‍ ഒരു സ്റ്റിയറിംഗ് കമ്മിറ്റിയെയും ഒരു ജനറല്‍ കമ്മിറ്റിയെയും വിവിധ സബ് കമ്മിറ്റികളെയും രൂപീകരിക്കും.
സംഗമത്തില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്ക് നിലവിലുള്ള പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പങ്കുവെക്കാനും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനും അവസരം നല്‍കുമെന്നും ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികള്‍ ഭക്തരുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
