ആഗോളായുധവിപണി റെക്കോര്‍ഡില്‍; ഗസ, യുക്രെയിന്‍ യുദ്ധങ്ങള്‍ വില്‍പ്പന കുതിപ്പിന് കാരണമായെന്ന് റിപോര്‍ട്ട്
സ്‌റ്റോക്ക്‌ഹോം: ഗസയിലും യുക്രെയിനിലുമുളള യുദ്ധങ്ങള്‍ക്ക് പിന്നാലെ ലോകമൊട്ടാകെ ആയുധവിപണിയില്‍ വലിയ വളര്‍ച്ചയുണ്ടായതായി റിപോര്‍ട്ട്. സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (എസ്‌ഐപിആര്‍ഐ) പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 2024ല്‍ നൂറിലധികം ആയുധനിര്‍മാണ കമ്പനികള്‍ ചേര്‍ന്ന് 679 മില്യണ്‍ ഡോളര്‍ വരുമാനം നേടി. യുദ്ധഭൂമികളിലെ സംഘര്‍ഷങ്ങളും ആഗോള സുരക്ഷാപ്രതിസന്ധികളും ആയുധവ്യാപാരത്തിന് വലിയ നേട്ടമായി മാറിയെന്നാണ് വിലയിരുത്തല്‍. ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണവും യുക്രെയിന്‍ റഷ്യ യുദ്ധവും ലോകവ്യാപക ആവശ്യകത വര്‍ധിപ്പിക്കുകയും നിര്‍മ്മാതാക്കള്‍ക്ക് ലാഭം കൂട്ടുകയും ചെയ്തു. ആഭ്യന്തരവും അന്താരാഷ്ട്രതലത്തുമായ ഉപഭോക്താക്കളില്‍ നിന്ന് മുന്‍വര്‍ഷത്തേക്കാള്‍ 5.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ലോകവിപണിയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത് അമേരിക്കയിലും യൂറോപ്പിലുമുള്ള കമ്പനികളാണ്. ചൈനീസ് ആയുധമേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം ഏഷ്യയും ഓഷ്യാനിയയും പിന്നോട്ടു പോയപ്പോള്‍, മറ്റു വിപണികള്‍ സുതാര്യമായ നേട്ടം രേഖപ്പെടുത്തി. അമേരിക്കന്‍ കമ്പനികളായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍, നോര്‍ത്ത്‌റോപ്പ് ഗ്രുമ്മന്‍, ജനറല്‍ ഡൈനാമിക്‌സ് എന്നിവയാണ് മുന്‍പന്തിയില്‍. കഴിഞ്ഞ വര്‍ഷത്തെ മികച്ച 100 കമ്പനികളില്‍ 3.8 ശതമാനമാണ് ലാഭനിരക്കില്‍ വര്‍ധിച്ചത്. യുഎസിലുള്ള 39 കമ്പനികളില്‍ 30 എണ്ണം ഇത്തവണ നേട്ടമുണ്ടാക്കിയവരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
