'തടവറയില്‍ ഒരു വര്‍ഷം; സിദ്ദിഖ് കാപ്പന് നീതി നല്‍കുക'; ഒക്ടോബര്‍ 5ന് ജന്മനാട്ടില്‍ പ്രതിഷേധ ജ്വാലയും പൊതുസമ്മേളനവും
മലപ്പുറം: ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ യുപി പോലിസ് കള്ളക്കേസില്‍ പെടുത്തി ജയിലിലടച്ചതിനെതിരേ ജന്മനാടായ പൂച്ചോലമാട് പ്രതിഷേധ ജ്വാലയും പ്രതിഷേധ സമ്മേളനവും നടക്കുന്നു. ഒക്ടോബര്‍ 5 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തുടങ്ങുന്ന പരിപാടി എം പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും. പൂച്ചോലമാട് മഹല്ല് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിവാദമുയര്‍ത്തിയ യുപി ദളിത് പെണ്‍കുട്ടിയുടെ പീഡനവും കൊലയും സംബന്ധിച്ച കാര്യങ്ങള്‍ റിപോര്‍ട്ട് ചെയ്യാനായി ഹാഥ്രസിലേക്കു പോകുന്ന വഴിയിലാണ് 2020 ഒക്ടോബര്‍ 5നു യു.പി. പോലിസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്നു യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ അദ്ദേഹത്തിനെതിരെ ചുമത്തി. കാപ്പനെതിരെ ചുമത്തിയ കേസുകള്‍ ദുര്‍ബലവും വസ്തുതാവിരുദ്ധവുമാണെന്ന് വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഹാഥ്രസില്‍ കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാപ്പന്‍ അങ്ങോട്ട് പുറപ്പെട്ടത് എന്നതടക്കമുള്ള ചാര്‍ജുകളും മഥുരയിലെ വിചാരണക്കോടതി റദ്ദാക്കി. എന്നാല്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തതിനാല്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേരളസര്‍ക്കാര്‍ സിദ്ദിഖ് കാപ്പന്റെ കേസില്‍ കക്ഷി ചേരണമെന്നും ജീവിക്കാന്‍ ബുദ്ധിമുട്ടിലായ അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും ജീവിതപ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര സാമ്പത്തികസഹായം അനുവദിക്കണമെന്നുമാണ് സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യസമിതിയുടെ ആവശ്യം. സിദ്ദിഖ് കാപ്പന്‍ ഇന്ത്യയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ ഇരയാണെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതി അടക്കം അംഗീകരിച്ച 'മനസ്സാക്ഷി തടവുകാരന്‍' എന്ന നിലയിലുള്ള എല്ലാ പരിഗണനകള്‍ക്കും അദ്ദേഹം അര്‍ഹനാണെന്നും സമിതി അഭിപ്രായപ്പെടുന്നു.
മഹല്ല് പ്രസിഡണ്ട് പൂവില്‍ കോമു കുട്ടി ഹാജി അധ്യക്ഷത വഹിക്കും. സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യസമിതി ജനറല്‍ കണ്‍വീനര്‍ ശ്രീജ നെയ്യാറ്റിന്‍കര, കണ്‍വീനര്‍ കെ പി ഒ റഹ്മത്തുള്ള , മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി കെ പി എം റിയാസ് , മഹല്ല് സെക്രട്ടറി കാപ്പന്‍ രായിന്‍ കുട്ടി മാസ്റ്റര്‍, വേങ്ങര പ്രസ് ഫോറം പ്രസിഡന്റ് കെ കെ രാമകൃഷ്ണന്‍ , സെക്രട്ടറി കെ. ടി അമാനുള്ള, സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് എന്നിവര്‍ പങ്കെടുക്കും.
