ഡെറാഡൂണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി; ബന്ധുവിനെതിരേ അന്വേഷണം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ വികാസ് നഗര്‍ പ്രദേശത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തി കനാല്‍ക്കരയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ധാലിപൂര്‍ സ്വദേശിനിയും പ്ലസ് ടു വിദ്യാര്‍ഥിനിയുമായ മനിഷ തോമറാണ് കൊല്ലപ്പെട്ടത്. വികാസ് നഗറിലെ ഛന്ദിപൂരിന് സമീപമുള്ള ശക്തി കനാലിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൈവിരലുകളും മൂക്കും മുറിച്ചുമാറ്റപ്പെട്ടതായും കല്ലുകൊണ്ട് തല ഇടിച്ച് തകര്‍ത്തതായും പോലിസ് വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്ന് മൂര്‍ച്ചയുള്ള കത്തി കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഇത് ഉപയോഗിച്ചതായാണ് പ്രാഥമിക നിഗമനം. പ്രതിയുടെ ബൈക്കും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവദിവസം ബന്ധുവായ സുരേന്ദ്രയോടൊപ്പം മരുന്ന് വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയില്ലെന്ന് പോലിസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മനിഷയും സുരേന്ദ്രയും ഒരുമിച്ച് ബൈക്കില്‍ പോകുന്നതായി സ്ഥിരീകരിച്ചു. കൊലപാതകത്തിന് ശേഷം ഇയാള്‍ കനാലില്‍ ചാടി രക്ഷപ്പെട്ടതായാണ് പോലിസിന്റെ നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന സുരേന്ദ്ര ഒളിവിലാണെന്നും ഇയാളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ഡെറാഡൂണ്‍ എസ്എസ്പി അജയ് സിങ് പറഞ്ഞു.
