തെലങ്കാനയിലെ 36,000 വഖ്ഫ് വസ്തുവകകള്‍ ജിയോ ടാഗ് ചെയ്യുന്നു

Update: 2022-04-18 17:41 GMT

ഹൈദരാബാദ്: വഖ്ഫ് സ്വത്ത് കയ്യേറ്റം തടയുന്നതിന്റെ ഭാഗമായി തെലങ്കാന സര്‍ക്കാര്‍ 36,000 വഖ്ഫ് ആസ്തികളും സ്വത്ത് വകകളും ജിയോ ടാഗ് ചെയ്യുന്നു. ഹൈദരാബാദ് ഐഐടിയും ജവഹര്‍ ലാല്‍ നെഹ്‌റു സാങ്കേതിക സര്‍വകലാശാലയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. ആറ് മാസത്തിനുള്ളില്‍ പദ്ധതി നടപ്പില്‍വരുത്താനാണ് ആലോചിക്കുന്നത്.

വഖ്ഫ് സ്വത്ത് നില്‍ക്കുന്ന സ്ഥലത്തിന്റെ കൃത്യമായ അക്ഷാംശം, രേഖാംശം എന്നിവ തയ്യാറാക്കുന്നതിനെയാണ് ജിയോ ടാഗിംഗ് എന്നുപറയുന്നത്.

കേന്ദ്ര വഖ്ഫ് കൗണ്‍സില്‍, ന്യൂനപക്ഷക്ഷേമ മന്ത്രാലയം തുടങ്ങിവയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഖ്വാമി വഖ്ഫ് ബോര്‍ഡ് തരാഖ്വിയത്തി സ്‌കീം അനുസരിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 2017 മുതല്‍ തുടങ്ങിയ പദ്ധതി ആദ്യം റൂര്‍ഖി ഐഐടിയായിരുന്നു ഏറ്റെടുത്തിരുന്നതെങ്കിലും കൊവിഡ് മൂലം പ്രവര്‍ത്തി മുടങ്ങി. തുടര്‍ന്നാണ് ഐഐടി ഹൈദരാബാദ് പ്രവര്‍ത്തി ഏറ്റെടുത്തത്. ജവഹര്‍ലാല്‍ നെഹ്രു സാങ്കേതിക സര്‍വകലാശാല പദ്ധതിയുടെ 10 ശതമാനമാണ് പൂര്‍ത്തീകരിക്കുക. ബാക്കി ഐഐടി ഹൈദരാബാദ് നടപ്പാക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ജിയോ ടാഗ് തയ്യാറാക്കുക. ഇത് വസ്തുകയ്യേറ്റത്തെ ചെറുക്കുമെന്നാണ് പ്രതീക്ഷ.  

Tags: