കോടതി വിധികള്‍ ജെന്‍ഡര്‍ ഓഡിറ്റിന് വിധേയമാക്കപ്പെടേണ്ടതാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക വൃന്ദ ഗ്രോവര്‍

സെന്റ് തെരേസാസ് കോളജില്‍ 'ജെന്‍ഡര്‍ ഇക്വിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍: ട്രാന്‍സ്ഫോര്‍മേറ്റിവ് പാത്വേസ് ഇന്‍ ഹയര്‍ എഡ്യുക്കേഷന്‍' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍

Update: 2019-01-06 12:49 GMT

കൊച്ചി: രാജ്യത്തെ കോടതി വിധികള്‍ ജെന്‍ഡര്‍ ഓഡിറ്റിന് വിധേയമാക്കപ്പെടേണ്ടതാണെന്ന് പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ വൃന്ദ ഗ്രോവര്‍. സെന്റ് തെരേസാസ് കോളജില്‍ 'ജെന്‍ഡര്‍ ഇക്വിറ്റി ആന്‍ഡ് ഇന്‍ക്ലൂഷന്‍: ട്രാന്‍സ്ഫോര്‍മേറ്റിവ് പാത്വേസ് ഇന്‍ ഹയര്‍ എഡ്യുക്കേഷന്‍' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോടതികളില്‍ വനിത ജഡ്ജിമാരെ നിയമിക്കാന്‍ തുടങ്ങിയത് തന്നെ ഇത് സംബന്ധിച്ച് വളരെയേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴായിരുന്നുവെന്നും വൃന്ദ ഗ്രോവര്‍ പറഞ്ഞു. രാജ്യത്തെ പകുതിയോളം ജനങ്ങളെ ബാധിക്കുന്ന കോടതി വിധികളുടെ ജെന്‍ഡര്‍ ഓഡിറ്റിനെക്കുറിച്ച് രാജ്യത്തെ പുരോഗമനവാദികള്‍ പോലും ആവശ്യമുന്നയിക്കുന്നില്ല. ഇക്കാര്യവും ഉന്നയിക്കാന്‍ സ്ത്രീകള്‍ തന്നെ മുന്നോട്ടു വരേണ്ട സ്ഥിതിയാണുള്ളതെന്നും അവര്‍ പറഞ്ഞു. ഒരു സാധാരണ സ്ത്രീക്ക് ആത്മാഭിമാനത്തിനായി പോരാടുവാന്‍ തന്റെ ജീവനോ അല്ലെങ്കില്‍ കുഞ്ഞുങ്ങളുടെ ജീവനോ അപകടത്തില്‍പ്പെടുത്തേണ്ട അവസ്ഥയാണ് ഇന്നുള്ളത്. അങ്ങനെയുള്ള അവസ്ഥയില്‍ അവര്‍ക്ക് കേസില്‍ നിന്നും പിന്‍മാറുകയല്ലാതെ മറ്റ് പോംവഴികളില്ലാതാകുന്നു. അത്തരം കേസുകളെ കള്ളക്കേസുകളായി സമൂഹം മുദ്രകുത്തുന്നുവെന്നും വൃന്ദ ഗ്രോവര്‍ പറഞ്ഞു. സ്ത്രീകള്‍ ഒരു വോട്ട് ബാങ്കായി മാറാത്തിടത്തോളം അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാടില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും വൃന്ദ ഗ്രോവര്‍ പറഞ്ഞു. ശില്‍പശാല ചൊവ്വാഴ്ച സമാപിക്കും.

Tags:    

Similar News