ജിസിസി–ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് തുടക്കം; തന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ഘട്ടമെന്ന് ജിസിസി സെക്രട്ടറി ജനറല്‍
മസ്‌കത്ത്: ഗള്‍ഫ് സഹകരണ കൗണ്‍സിലും (ജിസിസി) ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ചര്‍ച്ചകള്‍ ആരംഭിക്കുന്നത് തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുതിയ ഘട്ടമാണെന്ന് ഗള്‍ഫ് സഹകരണ സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ എഫ്ടിഎ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായുള്ള സംയുക്ത പ്രസ്താവനയില്‍ ജാസിം അല്‍ ബുദൈവിയും പിയൂഷ് ഗോയലും ഒപ്പുവച്ചിരുന്നു. ചടങ്ങിനിടെയാണ് ബുദൈവിയുടെ പരാമര്‍ശം.
ജിസിസി അംഗരാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം ക്ഷണികമായ സാമ്പത്തിക താല്‍പ്പര്യങ്ങളില്‍ ഒതുങ്ങുന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായുള്ള സാംസ്‌കാരികവും സാമൂഹികവുമായ ബന്ധങ്ങളാല്‍ ശക്തിപ്പെട്ട ചരിത്രപരമായ അടിത്തറയാണ് ഈ ബന്ധങ്ങള്‍ക്ക് പിന്നിലെന്നും വ്യക്തമാക്കി. പരസ്പര താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി എല്ലാ മേഖലകളിലും സഹകരണം വ്യാപിപ്പിക്കാനുള്ള ജിസിസി രാജ്യങ്ങളുടെ കാഴ്ചപ്പാടാണ് ഈ നീക്കത്തിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജിസിസിയുടെ പ്രധാന ആഗോള വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യയെന്ന് ബുദൈവി പറഞ്ഞു. ഊര്‍ജ്ജം, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ സുപ്രധാന മേഖലകളിലെ വ്യാപാര വിനിമയവും സഹകരണവും വര്‍ധിക്കുന്നത് ഈ ബന്ധത്തെ തന്ത്രപരമായ സാമ്പത്തിക ആവശ്യകതയാക്കി മാറ്റുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ വിശാലവും വാഗ്ദാനപ്രദവുമായ വിപണി മാത്രമല്ല, നൂതനാശയങ്ങളുടെയും വ്യവസായങ്ങളുടെയും ആഗോള കേന്ദ്രവുമാണെന്നും ജിസിസി അഭിമാനത്തോടെ ഈ പങ്കാളിത്തത്തില്‍ ഏര്‍പ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി ആറിന് ഒപ്പുവച്ച റഫറന്‍സ് നിബന്ധനകള്‍ ചര്‍ച്ചകള്‍ക്ക് വ്യക്തവും സമഗ്രവുമായ ചട്ടക്കൂട് നല്‍കുന്നതായും ബുദൈവി വ്യക്തമാക്കി. ചരക്കുകളുടെ വ്യാപാരം, കസ്റ്റംസ് നടപടിക്രമങ്ങള്‍, സേവന മേഖല, ഡിജിറ്റല്‍ വ്യാപാരം തുടങ്ങിയ പ്രധാന മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. കൂടാതെ സാനിറ്ററിഫൈറ്റോസാനിറ്ററി നടപടികള്‍ (എസ്പിഎസ്), ബൗദ്ധിക സ്വത്തവകാശം, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) മേഖലയിലെ സഹകരണം ഉള്‍പ്പെടെ പരസ്പര താല്‍പ്പര്യമുള്ള വിവിധ വിഷയങ്ങളും ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
