പട്ടിണിയുടെ പ്രതീകമായ സലീമിന് യു എ ഇ സഹായം
ഓപ്പറേഷന്‍ ഗാലന്റ് നൈറ്റ് 3യുടെ ഭാഗമായി ഗസ്സയിലേക്ക് 214 ട്രക്കുകളിലായി 4,565 ടണ്‍ അവശ്യവസ്തുക്കളെത്തിച്ചു
ദുബൈ ഗസ്സയില്‍ പട്ടിണിയുടെ പ്രതീകമായി എല്ലും തോലുമായ സലീം അസ്ഫറിന് യു എ ഇ ദൗത്യത്തിന്റെ സഹായം. കുടിയിറക്കപ്പെട്ടവരുടെ കൂടാരങ്ങള്‍ക്കിടയില്‍, ഇമ്പമാര്‍ന്ന ശബ്ദത്തില്‍ ബാങ്ക് വിളിച്ച് ഗസ്സക്കാരുടെ ഹൃദയം കവര്‍ന്ന സലീം അസ്ഫറിനാണ് യു എ ഇ ദൗത്യത്തിന്റെ സഹായം. ഗസ്സക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് യു എ ഇയുടെ ഓപ്പറേഷന്‍ ഗാലന്റ് നൈറ്റ് 3 ആണ് സഹായത്തിനായി രംഗത്തെത്തിയത്. രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളുടെ ചിത്രങ്ങള്‍ക്കിടെ സലീമിന്റെ ദുര്‍ബല ശരീരവുമായുള്ള ബാങ്ക് വിളി ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു.
ഷര്‍ട്ടിടാതെയുള്ള സലീമിന്റെ ചിത്രമാണ് ഏറെ ദുഃഖം പടര്‍ത്തിയത്. ''എനിക്ക് ഭക്ഷണം കഴിക്കണം. എനിക്ക് റൊട്ടി ചവയ്ക്കാന്‍ പല്ലില്ല. അതിനാല്‍ അത് ചവച്ച് ദഹിപ്പിക്കാന്‍ ഞാന്‍ അത് വെള്ളത്തില്‍ മുക്കിവയ്ക്കുന്നു. മൂന്ന് മാസമായി ഞാന്‍ ഇങ്ങനെയാണ് ജീവിക്കുന്നത്.' സഹായം ലഭിച്ച സലീം യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന് നന്ദി അറിയിച്ചു.
ഫലസ്തീന്‍ ജനതക്ക് യു എ ഇയുടെ മാനുഷിക സഹായമായി 214 ട്രക്കുകളിലായി 4,565 ടണ്‍ സഹായം കൂടി. ഈജിപ്തിലെ റാഫാ അതിര്‍ത്തി വഴി ചരക്ക് ഗസ്സയിലെത്തിച്ചു. ''ഓപ്പറേഷന്‍ ഗാലന്റ് നൈറ്റ് 3' എന്ന മാനുഷിക പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ സഹായങ്ങള്‍.ദുരിതത്തിലായ പലസ്തീനികളുടെ ദുരിതാവസ്ഥ ലഘൂകരിക്കുന്നതിനും ദുര്‍ബലരായ ആളുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ നല്‍കുന്നതിനും സഹായകമാണ് യു എ ഇയുടെ നിലപാട്.
