കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിനിടെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു; രണ്ടു മരണം, ഒന്‍പത് പേര്‍ക്ക് പരിക്ക്
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ എംബ്രോയ്ഡറി യൂണിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിനിടെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെ ഏകദേശം 5.30ഓടെയാണ് സംഭവം.
സൂറത്തിലെ കപോന്ദ്ര പ്രദേശത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തീപിടുത്തമുണ്ടായത്. തുടര്‍ന്ന് അവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അഗ്‌നിശമനസേന വ്യക്തമാക്കി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാലു ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തില്‍ എട്ടു സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നതായി വിവരമുണ്ട്.
സംഭവസ്ഥലത്ത് കുടുങ്ങിയിരുന്നവരെ മുഴുവന്‍ സുരക്ഷിതമായി പുറത്തെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.